Politics

ലീഗ് നേതാവിന്റെ ഡയറക്ടര്‍ സ്ഥാനം; യു.ഡി.എഫിലും ലീഗിലും അതൃപ്തി

മലപ്പുറം: കേരള ബാങ്ക് ഡയറക്ടറായി മുസ്ലിം ലീഗ് നേതാവ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്ഥാനം ഏറ്റെടുത്തതില്‍ യു.ഡി.എഫിനുള്ളില്‍ അതൃപ്തി. മുസ്ലിംലീഗിലെ ഒരു വിഭാഗവും തീരുമാനത്തില്‍ പ്രതിഷേധത്തിലാണ്.

ഇതുമായി ബന്ധപ്പെട്ട് മലപ്പുറം മുസ്ലിം ലീഗ് ജില്ലാ ഓഫീസിന് മുന്നില്‍ അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച ജൂതാസെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. മലപ്പുറം ബസ് സ്റ്റാന്റിന് മുന്നിലും ലീഗ് എം.എല്‍.എക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ ലീഗ് ഓഫീസിന് മുന്നിലുള്ള പോസ്റ്ററുകള്‍ ലീഗ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് അഭിപ്രായമുള്ള നേതാക്കളും ഉണ്ട്. കേരള ബാങ്കില്‍ ലയിക്കുന്നതിന് എതിരായ നിയമപോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്ന് ലീഗ് സഹകാരികള്‍ക്കും ആശങ്കയുണ്ട്. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

സഹകരണത്തിലെ സഹകരണം മാത്രമാണെന്നും, മറ്റ് രാഷ്ട്രീയ പ്രാധാന്യമില്ലെന്നുമാണ് മുസ്ലീം ലീഗ് നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ നയപരമായ തീരുമാനം എടുക്കാന്‍ ലീഗിന് കോണ്‍ഗ്രസിന്റെ സമ്മതം വാങ്ങേണ്ട ഗതികേട് ഇല്ലെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ അതൃപ്തിയുടെ ആഴം വര്‍ധിപ്പിക്കുന്നു. കോണ്‍ഗ്രസുമായോ , യു.ഡി.എഫിലോ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്റെ പ്രതികരണം.

സി.പി.എമ്മുമായി മുസ്ലിം ലീഗ് നേതൃത്വം അടുക്കുന്നു എന്ന ചര്‍ച്ചകള്‍ക്കിടെ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കേരള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയതില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുന്നതിന് എതിരെ യു.ഡി.എഫ് നിയമ പോരാട്ടം തുടരുകയാണ്. അബ്ദുല്‍ ഹമീദ് എം.എല്‍.എ കേരള ബാങ്ക് ഡയറക്ടറായതോടെ കേസ് ദുര്‍ബ്ബലപെടുമെന്ന് ലീഗിന്റെ സഹകാരികളും ആശങ്കപെടുന്നു

Leave a Reply

Your email address will not be published. Required fields are marked *