News

നിലമ്പൂരും പിടിച്ച് വി.ഡി സതീശൻ എന്ന ‘യഥാർത്ഥ ക്യാപ്റ്റന്റെ’ വിജയതന്ത്രങ്ങൾ

തിരുവനന്തപുരം: എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ നിലമ്പൂർ കൂടി പിടിച്ചെടുത്തതോടെ, 2021-ൽ തകർന്നടിഞ്ഞ ഐക്യമുന്നണിയെ തുടർച്ചയായ വിജയങ്ങളിലേക്ക് നയിക്കുന്ന ‘ക്യാപ്റ്റൻ’ ആയി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാറുന്നു. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിനപ്പുറം, പാർട്ടിയെ വെല്ലുവിളിച്ച പി.വി അൻവറിനെ പടിക്ക് പുറത്തുനിർത്താൻ സതീശൻ കാണിച്ച നിലപാടും ചങ്കുറപ്പുമാണ് നിലമ്പൂർ വിജയത്തിന് പതിന്മടങ്ങ് തിളക്കം നൽകുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ, വി.ഡി സതീശൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഗ്രാഫ് കേരള രാഷ്ട്രീയത്തിൽ കുത്തനെ ഉയരുകയാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട്, മുന്നോട്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന യുഡിഎഫിന്റെ അമരത്തേക്കാണ് വി.ഡി സതീശൻ എത്തുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഫുട്ബോളിലെ പോലെ, ഒരു ടീം ഗെയിമാണ് രാഷ്ട്രീയം എന്ന് തിരിച്ചറിഞ്ഞ സതീശൻ, കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ക്യാപ്റ്റന്റെ റോളിൽ തിളങ്ങി. അതോടെ തോൽവികളിൽ നിന്ന് വിജയങ്ങളിലേക്ക് യുഡിഎഫ് കുതിച്ചു തുടങ്ങി.

സതീശൻ യുഗത്തിലെ വിജയഗാഥ

സതീശന്റെ നേതൃത്വത്തിലെ ആദ്യ അഗ്നിപരീക്ഷ തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ക്യാമ്പ് ചെയ്തിട്ടും, തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ച സതീശന്റെ തന്ത്രങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ പതറി. ഫലം വന്നപ്പോൾ ഉമാ തോമസ് നേടിയത് 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. തുടർന്ന് 2023-ൽ പുതുപ്പള്ളിയിൽ അതേ ടീം വർക്ക് ആവർത്തിച്ചു, ചാണ്ടി ഉമ്മൻ 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20-ൽ 18 സീറ്റിലും യുഡിഎഫിനെ മിന്നുന്ന വിജയത്തിലെത്തിക്കാൻ സതീശനായി. പിന്നാലെ വന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളിലും ഈ മികവ് തുടർന്നു. രാഹുൽ മാങ്കൂട്ടത്തിലും പ്രിയങ്കാ ഗാന്ധിയും റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ, എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ ചേലക്കരയിൽ അവരുടെ ഭൂരിപക്ഷം നാലിലൊന്നായി കുറയ്ക്കാനും സാധിച്ചു. നിലമ്പൂരിലെ വിജയത്തോടെ, 2026-ൽ കേരള ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് യുഡിഎഫിനെ എത്തിക്കാൻ സതീശന് കഴിഞ്ഞു.

പിണറായിയുടെ മുന്നറിയിപ്പും രാഹുലിന് നൽകിയ വാക്കും

2021-ൽ സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ഈ ഘട്ടത്തിൽ പ്രസക്തമാണ്: “യുഡിഎഫിനെ വില കുറച്ച് കാണരുത്. സതീശനെ പോലെ നിയമസഭയിൽ കഴിവ് തെളിയിച്ച ഒരാൾ തലപ്പത്തുണ്ട്. ശ്രദ്ധിക്കണം.” – പിണറായിയുടെ ഈ വാക്കുകൾ അക്ഷരംപ്രതി ശരിവെക്കുന്ന പ്രകടനമാണ് സതീശൻ കാഴ്ചവെച്ചത്.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ, യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന് രാഹുൽ ഗാന്ധിക്ക് നൽകിയ വാക്ക് പാലിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് വി.ഡി സതീശൻ. മുന്നിലുള്ള തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജമായ ടീമുമായി അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമ്പോൾ, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണ സിരാകേന്ദ്രത്തിൽ യുഡിഎഫ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.