
കൊച്ചിയിൽ വീണ്ടും കൊറിയർ വഴി എംഡിഎംഎ കടത്ത്. ജർമനിയിൽ നിന്ന് കൊറിയർ വഴി 17 ഗ്രാം എംഡിഎംഎ എത്തിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിർസാബ് ആണ് എക്‌സൈസിന്റെ പിടിയിലായത്. കടവന്ത്രയിലുള്ള വാടക വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. നിസാം എന്ന വ്യാജ പേരിലായിരുന്നു ഇയാൾ ഓൺലൈൻ വഴി എംഡിഎംഎ കൊറിയർ എത്തിച്ചത്. ലഹരി വസ്തുക്കൾ വിദേശത്തുനിന്ന് കൊറിയർ വഴി എത്തിക്കുന്ന പ്രവണത സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നതായാണ് വാർത്തകൾ വ്യക്തമാക്കുന്നത്.
ഫ്രാൻസിൽ നിന്ന് മയക്കു മരുന്ന്
ഫ്രാൻസിൽ നിന്ന് മയക്കു മരുന്ന് ഓർഡർ ചെയ്തു വരുത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അതുൽ കൃഷ്ണയെയാണ് എറണാകുളം എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് എത്തിയ ലഹരി മരുന്നാണ് എക്‌സൈസ് പിടിച്ചെടുത്ത്. കൊച്ചി ഇന്റർനാഷ്ണൽ പോസ്റ്റൽ അപ്രൈയ്‌സലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ പിന്തുടർന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് സ്വദേശി അതുൽ കൃഷ്ണ പിടിയിലായത്. ഡാർക്ക് വെബ് വഴിയാണ് ഇയാൾ എംഡിഎംഎ ഓർഡർ ചെയ്ത് വരുത്തിയത്.
ഇയാളുടെ പക്കൽ നിന്ന് എംഡിഎംഎയും എക്‌സൈസ് പിടിച്ചെടുത്തു. ബിറ്റ് കൊയിൻ വഴിയാണ് ഇയാൾ പണം നൽകിയിരുന്നത്. ഇതിന്റെ ഉറവിടം തേടി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്‌സൈസ്.