
ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഇക്കാലത്ത് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവ മത സമ്മേളനത്തിലാണ് മാർപ്പാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണെന്നും മാർപ്പാപ്പ പ്രഭാഷണത്തിൽ പറഞ്ഞു.
ഏതെങ്കിലും തലത്തിൽ, ഏതെങ്കിലും രൂപത്തിൽ ആരോടും വിവേചനം ഉണ്ടാകരുതെന്ന് ശ്രീനാരായണ ഗുരു പഠിപ്പിച്ചു. ജാതി വ്യവസ്ഥയെ എതിർക്കുന്നതിലൂടെ, ‘എല്ലാ മനുഷ്യരും, അവരുടെ വംശീയതയോ മതപരവും സാംസ്കാരികവുമായ പാരമ്പര്യമോ പരിഗണിക്കാതെ, ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണ്’ എന്ന സന്ദേശം പ്രചരിപ്പിച്ചുവെന്നും മാർപ്പാച്ച ചൂണ്ടിക്കാട്ടി.

രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെണെന്നാണ് മാർപ്പാപ്പ ഓർമ്മിപ്പിച്ചത്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക സർവമത സമ്മേളനം വത്തിക്കാനിൽ സംഘടിപ്പിക്കുന്നത്. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഗുരു രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്.
ഇന്നത്തെ ലോകം ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വർദ്ധിച്ചുവരുന്ന സംഭവങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.