CrimeNews

സഹകരണ ബാങ്ക് ലോക്കറിലെ 60 ലക്ഷം രൂപയുടെ സ്വർണം കവർന്നു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയുടെ സ്വർണം കവർന്ന് പകരം മുക്കുപണ്ടം വെച്ച സംഭവത്തിൽ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബാങ്കിലെ താൽക്കാലിക കാഷ്യറായ സുധീർ തോമസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ്.

18 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സുധീർ തോമസ് കൈക്കലാക്കിയത്. ശേഷം, അതേ ലോക്കറിൽ മുക്കുപണ്ടം വെക്കുകയും ചെയ്തു. ഭാര്യയുടെ പേരിൽ പണയം വെച്ചിരുന്ന സ്വർണവും സുധീർ തോമസ് മോഷ്ടിച്ചതായി വിവരമുണ്ട്. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന ആനപ്പന്തി സഹകരണ ബാങ്ക്, രണ്ട് വർഷം മുൻപാണ് സിപിഎം ഭരണം നേടിയത്.

ബാങ്കിലെ താൽക്കാലിക കാഷ്യറായിരുന്നു സുധീർ തോമസ്. കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് തുറക്കാനെത്തിയ മാനേജർ, സുധീർ തോമസിന്റെ ബാഗും മൊബൈൽ ഫോണും ഒരു ലിസ്റ്റും ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ചത്.

ഈ മോഷണം മറ്റൊരാൾക്ക് വേണ്ടിയാണ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട സ്വർണത്തിൽ ഭൂരിഭാഗവും ഒരാൾ പണയം വെച്ച ആഭരണങ്ങളാണ്. പണയം വെച്ച സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചത് മറ്റൊരാൾക്ക് വേണ്ടിയായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സുധീർ തോമസിനായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് ഇരട്ടി പോലീസ് അറിയിച്ചു.