
‘ഇൻജക്ഷൻ എടുത്തു, പിന്നെ ഉണർന്നില്ല’: പനിബാധിച്ച 9 വയസ്സുകാരി മരിച്ചു
ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന ഒന്‍പത് വയസ്സുകാരി മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി ആണ് മരിച്ചത്. മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. പനിയും വയറു വേദനയുമായാണ് കുട്ടിയെ വ്യാഴാഴ്ച എബനെസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ ഇൻജക്ഷൻ എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. എട്ടുമണിയോടെ കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അധികൃതരോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്‌കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
മതിയായ ചികില്‍സ നല്‍കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചു. ചികിത്സയില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.