KeralaPolitics

പൊന്നാനിയില്‍ കെ.എസ്. ഹംസ; കുഞ്ഞാലിക്കുട്ടി വെള്ളംകുടിക്കും, മുസ്ലിംലീഗ് വിയര്‍ക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്‍കിയിരിക്കുകയാണ്. ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനുറപ്പിച്ചാണ് സിപിഎം അവരുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് ശക്തരായ സ്ഥാനാര്‍ഥികളെ തന്നെ കളത്തിലിറക്കി പോരാട്ടത്തിന് വീര്യം പകരാന്‍ സിപിഎം ഒരുങ്ങുന്നത്. ഒരു മന്ത്രിയും ഒരു പോളിറ്റ് ബ്യൂറോ അംഗവും നാലു കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും അടങ്ങുന്നതാണ് സ്ഥാനാര്‍ഥി പട്ടിക..

പൊന്നാനിയില്‍ മുന്‍ മുസ്ലിംലീഗ് ലീഗ് നേതാവ് കെ.എസ്.ഹംസ പൊതുസ്വതന്ത്രനായി മത്സരിക്കും. മുസ്ലിംലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തെ പലതവണ ചോദ്യം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോയയാളാണ് കെ.എസ്. ഹംസ. പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് നേതൃത്വത്തിന്റെയും പോരായ്മകള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിച്ച കെ.എസ്. ഹംസക്ക് അത് പൊതുജനങ്ങളോട് സംവദിക്കാനുള്ള അവസരം ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തോടെ.

https://youtu.be/d60tQBADWJM

മുസ്ലിം സമുദായത്തിലെ പണ്ഡിതസഭയുടെ പിന്തുണയാണ് കെ.എസ്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചത്. പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയും മുസ്ലിംലീഗിനെതിരെയുള്ള ഒത്ത എതിരാളിയായി കെ.എസ്. ഹംസയെ പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്.

മുസ്ലിം ലീഗിനുള്ളിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് 2023-ല്‍ കെ.എസ്. ഹംസയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനാണ് കെ.എസ്.ഹംസക്കെതിരേ ആദ്യം പാര്‍ട്ടി നടപടിയുണ്ടായത്. തുടര്‍ന്ന് പാര്‍ട്ടി ചുമതലകളില്‍നിന്ന് കെ.എസ്.ഹംസയെ നീക്കി. ഇതിനുപിന്നാലെയാണ് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

തൃശ്ശൂരിലെ മലബാര്‍ എന്‍ജിനിയറിങ് കോളേജിന്റെയും ഇഖ്റാ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാനാണ് കെ.എസ്. ഹംസ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അറഫ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളും ബി.എഡ്. കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.

20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മലപ്പുറം ജില്ലയില്‍ സ്വതന്ത്രരെ ഇറക്കി നേട്ടമുണ്ടാക്കുകയെന്ന മുന്‍പ് വിജയിച്ച രീതിയാണ് ഇത്തവണയും പിന്തുടര്‍ന്നത്. ഹംസയുടെ ജനസമ്മതി കണക്കിലെടുത്താണ് തീരുമാനം. പൊന്നാനി മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റേതാണ്.

വടകര മണ്ഡലം കെ.മുരളീധരനില്‍നിന്നു തിരിച്ചു പിടിക്കുകയാണു ശൈലജയുടെ ദൗത്യം. അവസാന രണ്ടു തിരഞ്ഞെടുപ്പുകളില്‍ എ.എന്‍.ഷംസീറും പി.ജയരാജനും വടകരയില്‍ പരാജയപ്പെട്ടിരുന്നു. പാലക്കാട് പിബി അംഗം എ.വിജയരാഘവന്‍ മത്സരിക്കും. ആലത്തൂര്‍ പിടിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *