CrimeNational

കോയമ്പത്തൂരില്‍ വയറു വേദനയെ തുടര്‍ന്ന് ക്ലിനിക്കിലെത്തി ഇഞ്ചക്ഷന്‍ എടുത്ത യുവാവ് മരണപ്പെട്ടു

കോയമ്പത്തൂര്‍; വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവ് ഇഞ്ചക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് മരണപ്പെട്ടു. കോയമ്പത്തൂരിലെ സുല്‍ത്താന്‍പേട്ടിനടുത്തുള്ള സെഞ്ചേരി എന്ന സ്ഥലത്തെ സ്വകാര്യ ക്ലിനിക്കില്‍ നിന്നാണ് യുവാവ് കുത്തിവയ്പ്പ് എടുത്തത്. സെഞ്ചെരി സ്വദേശിയായ കെ പ്രഭു ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് ഡ്രൈവറായ പ്രഭു പോള്‍ ജയശീലനെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കില്‍ എത്തിയത്. ജയശീലന്റെ മകന്‍ വിക്ടര്‍ ജീവരത്തിനം ആയിരുന്നു ക്ലിനിക്കില്‍ ഡോക്ടറായി ഉണ്ടായിരുന്നത്. കുത്തിവയ്പ്പ് നല്‍കിയതും വിക്ടര്‍ ആയിരുന്നു.

ഉച്ചയ്ക്ക് 12.50 ഓടെ പ്രഭുവിന് റാനിറ്റിഡിന്‍, ഡൈസൈക്ലോമിന്‍ എന്നീ കുത്തിവയ്പ്പ് നല്‍കിയിരുന്നു. പ്രഭു വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളില്‍ കുഴഞ്ഞുവീണു. വീട്ടുകാര്‍ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുല്‍ത്താന്‍പേട്ട് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ വിക്ടര്‍ ഡോക്ടറാണെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ (എംസിഐ) രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോയമ്പത്തൂര്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍ എന്‍ രാജശേഖരന്‍ പറഞ്ഞു.2022ല്‍ ജോര്‍ജിയയില്‍ നിന്നാണ് വിക്ടര്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയതായെന്നാണ് അവകാശപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ നിര്‍ബന്ധിതമായ എംസിഐയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍) ഇതുവരെ പാസായിട്ടില്ല. കൂടാതെ തമിഴ്നാട് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയും ഇയാള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ ജയശീലന്റെ മകനാണ് വിക്ടര്‍. ജയശീലന്‍ തന്റെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഫാര്‍മസി നടത്തുകയാണ്. അഞ്ച് കിടക്കകളുള്ള ഒരു ചെറിയ ക്ലിനിക്ക് അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോത്തഗിരിയിലെ ഷാന്‍ ജീവനേശന്‍ എന്ന ഡോക്ടറായിരുന്നു ആദ്യം ക്ലിനിക്ക് നടത്തിയിരുന്നത്. എന്നാല്‍ ആറുമാസം മുമ്പ് അദ്ദേഹം ഒഴിഞ്ഞു. അന്നുമുതല്‍, വിക്ടര്‍ അദ്ദേഹത്തിന്റെ ലെറ്റര്‍ഹെഡില്‍ മരുന്നുകള്‍ എഴുതുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. ജയശീലന്റെ രണ്ട് ആണ്‍മക്കള്‍ ജോര്‍ജിയയില്‍ എംബിബിഎസ് പഠിച്ചത് എല്ലാവര്‍ക്കും അറിയാമെന്നതിനാലും അവര്‍ക്ക് എംസിഐ അംഗീകാരമില്ലെന്ന് അറിയാത്തതിനാലും നാട്ടുകാര്‍ അവരെ സംശയിച്ചില്ല. വിക്ടറിനെതിരെ നടപടിയെടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് തിങ്കളാഴ്ച പോലീസിന് റിപ്പോര്‍ട്ട് നല്‍കും. നിലവില്‍ അസ്വഭാവിക മരണത്തിന് പോലീസ് വിക്ടറിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *