
എന്തിനുമേതിനും നമ്പർ വൺ ആണെന്നാണ് കേരളത്തെക്കുറിച്ചു ഇടത് സർക്കാർ എപ്പോഴും പറയാറുള്ളത്. അതിപ്പോൾ ആരോഗ്യ രംഗമെടുത്താലും വിദ്യാഭ്യാസമായാലും എല്ലാം അങ്ങനെ തന്നെ. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്ക് പോകാന്‍ സമ്പന്നർക്ക് പോലും കൊതിയാണ്. എന്നാൽ പിശുക്കനാണെന്ന് ആൾക്കാർ പറയുമോ എന്ന് പേടിച്ചിട്ടാണ് ഇവർ സർക്കാർ ആശുപത്രിയിൽ പോകാത്തതെന്നാണ് പിണറായി വിജയൻ പറയുന്നത്.
എന്നാൽ മുഖ്യനോട് ഒരു ചോദ്യം, ഇങ്ങനെ ആളുകൾ പിശുക്കനാണെന്ന് പറയുമെന്ന് പേടിച്ചിട്ടാണോ മുഖ്യനും മന്ത്രിമാരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത് ? കാരണം സംസ്ഥാന ഭരണാധികാരികള്‍ സ്വന്തം ആരോഗ്യകാര്യം വന്നാല്‍ ആദ്യം ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സ വിദേശത്താണെങ്കില്‍ മറ്റ് മന്ത്രിമാരുടേത് രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ തന്നെയാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാണെന്ന് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും പറയാറുണ്ടെങ്കിലും അതൊന്നും മറ്റു മന്ത്രിമാരോ ഒന്നും വിശ്വസിച്ച ലക്ഷണമില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി വൈദ്യുതി മന്ത്രിക്ക് 27,617 രൂപയും എം.ബി രാജേഷിന് 12,175 രൂപയുമാണ് ജനുവരിയിൽ അനുവദിച്ചത്. കഴിഞ്ഞ നവംബറിലും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടേയും ഭാര്യയുടേയും സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് 15 ലക്ഷം അനുവദിച്ചിരുന്നു.
പാലക്കാട് ലക്ഷ്മി ആശുപത്രി, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കോയമ്പത്തൂര്‍ കോവയ് മെഡിക്കല്‍ സെന്റര്‍, ചെന്നെ അപ്പോളോ ആശുപത്രി, ചിറ്റൂര്‍ ഡെന്റല്‍ കെയര്‍ ഓര്‍ത്തോഡെന്റിക് ആന്റ് ഇംപ്ലാന്റ് സെന്റര്‍ എന്നിവിടങ്ങളിലാണ് മന്ത്രി കൃഷ്ണന്‍ കുട്ടി അന്നും ചികില്‍സ തേടിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് തിരുവനന്തപുരം ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സയ്ക്ക് ചെലവായ തുക 1,53,709 രൂപയായിരുന്നു.
കൂടാതെ മുഖ്യനും എന്ത് ചികിത്സ വേണമെങ്കിലും ഉടനെ അമേരിക്കയിലേക്ക് പറക്കാറാണ് പതിവ്. 75 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ 2 തവണത്തെ അമേരിക്കൻ ചികിത്സയ്ക്ക് ചെലവായത്. ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്ന് മന്ത്രിസഭയിലും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്‌ഘോഷിക്കുമ്പോഴും സ്വന്തം ചികില്‍സയുടെ കാര്യം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളിലേക്ക് മന്ത്രിമാരും അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രിയും പറക്കും.
മുഖ്യമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ കമലയുടെ ചികില്‍സയും സൗജന്യമാണ്. തുടര്‍ഭരണം ലഭിച്ചപ്പോള്‍ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് കോടികള്‍ മുഖ്യമന്ത്രിക്ക് ചികില്‍സക്കായി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ ചികിത്സ എന്തിനായിരുന്നെന്ന വിവരം പുറത്തു വിട്ടിട്ടില്ല. മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ഏത് അസുഖത്തിന് ചികില്‍സ തേടിയതെന്ന് വിവരവകാശ ചോദ്യത്തിന് എന്താണ് രോഗം എന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വക മറുപടി.