CricketSports

ഇതൊക്കെ വെറും ഷോ മാത്രം, പാസ്‌പോർട്ട് ഒപ്പിട്ടില്ല, ഗിറ്റാറും ക്യാമറയും വാങ്ങിക്കൊടുത്തില്ല’: ഷമിയുടെ മുൻ ഭാര്യ

മകൾ ഐറയുമായി വൈകാരിക കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒരുമിച്ച് ഷോപ്പിംഗ് നടത്തുന്ന വീഡിയോ ഷമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

“ഏറെ നാളുകൾക്ക് ശേഷം ഞാൻ അവളെ കണ്ടപ്പോൾ വികാരഭരിതനായി നിന്നുപോയി. വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതിനേക്കാൾ ഞാൻ നിന്നെ സ്‌നേഹിക്കുന്നു, ബെബോ”- ഷമി വീഡിയോയ്‌ക്കൊപ്പം കുറിച്ചതിങ്ങനെ. ഒരു മണിക്കൂറിനകം ഒന്നര ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു.

അതേസമയം കഴിഞ്ഞ ദിവസം മുഹമ്മദ് ഷമി മകളുമായി നടത്തിയ ഈ കൂടിക്കാഴ്ച വെറും നാടകമാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പേസറുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. കൂടാതെ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

‘ഇത് വെറുതെ എല്ലാവരെയും കാണിക്കാൻ ചെയ്തതാണ്. മകളുടെ പാസ്പോർട്ടിന് കാലാവധി കഴിഞ്ഞു. പുതിയ പാസ്പോർട്ടിന് ഷമിയുടെ ഒപ്പ് വേണം. അതുകൊണ്ടാണ് അവൾ ഷമിയെ കാണാൻ പോയത്, പക്ഷേ അയാൾ ഒപ്പിട്ടില്ല. പകരം ഷോപ്പിംഗ് മാളിൽ പോവുകയായിരുന്നു. ഷമി പരസ്യം ചെയ്യുന്ന കമ്പനിയുടെ കടയിലാണ് പോയത്. അവിടെ പണം കൊടുക്കേണ്ടതില്ല. അതുകൊണ്ടാണ് അവളെ അവിടെ കൊണ്ടുപോയത്. അവൾക്കു ഷൂസും വസ്ത്രങ്ങളും വാങ്ങി. എന്നാൽ ഒരു ഗിറ്റാറും ക്യാമറയുമാണ് വേണ്ടിയിരുന്നത്. അത് ഷമി വാങ്ങി കൊടുത്തതുമില്ല – ഹസിൻ ജഹാൻ ആരോപിച്ചു.

ഭാര്യ ഹസിൻ ജഹാനുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതുമുതൽ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹസിൻ രംഗത്തെത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *