FinanceKerala

ശമ്പളകാര്യത്തില്‍ ആശങ്കയൊഴിയാതെ സര്‍ക്കാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബദല്‍ മാര്‍ഗങ്ങളുടെ ആലോചനയിലാണ് ധനവകുപ്പ്. കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം അറിയിച്ചതോടെയാണ് ബദല്‍ മാര്‍ഗങ്ങളുടെ പണിപ്പുരയിലേക്ക് ധനവകുപ്പ് കടക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും നിശ്ചിത ശതമാനം മാറ്റി വച്ച് പ്രത്യേക നിധി രൂപീകരിക്കാനുള്ള ധനവകുപ്പിന്റെ നീക്കം മലയാളം മീഡിയ പുറത്ത് വിട്ടിരുന്നു. ജീവനക്കാരും പെന്‍ഷന്‍കാരും ഈ നീക്കത്തിന് എതിരെ പ്രതിഷേധം ഉയര്‍ത്തിയതോടെ പ്രത്യേക നിധി രൂപീകരിക്കാന്‍ നീക്കമില്ലെന്ന് ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിറക്കി.

എന്നാല്‍ ബദല്‍ നിര്‍ദ്ദേശങ്ങളില്‍ വീണ്ടും ഇത് സ്ഥാനം പിടിച്ചെന്നാണ് ലഭിക്കുന്ന സൂചന. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഒരു വിഹിതം താല്‍ക്കാലികമായി മാറ്റിവയ്ക്കാമെന്നാണ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം. ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതത്തിന്റെ ശതമാനം നിശ്ചയിക്കുക. ഇതിന് നിയമ നിര്‍മാണം ആവശ്യമാണ്.

മലയാള മനോരമയുടെ ചീഫ് റിപ്പോര്‍ട്ടര്‍ വി.ആര്‍. പ്രതാപ് ഡിസംബര്‍ 6 ന് ശമ്പളത്തിന്റെ വിഹിതം മാറ്റിവയ്ക്കാനുള്ള ഉദ്യോഗസ്ഥ നിര്‍ദ്ദേശം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷവസാന ചെലവുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റുക, ഇതുവരെ തുടക്കമിടാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുക, സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് തല്‍ക്കാലത്തേക്ക് പണം സമാഹരിക്കുക, കെ.എസ്.എഫ്.ഇ, ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പരമാവധി പണം മുന്‍കൂറായി വാങ്ങുക, കിഫ്ബി തിരിച്ചടച്ച വായ്പകള്‍ക്ക് തത്തുല്യമായ തുക കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുക എന്നിങ്ങനെയാണ് മറ്റ് ബദല്‍ നിര്‍ദ്ദേശങ്ങള്‍.

18 ശതമാനം ഡി.എ കുടിശികയായതോടു കൂടി 4000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ശമ്പളത്തില്‍ ഓരോ മാസവും ജീവനക്കാരന് നഷ്ടപ്പെടുന്നത്. 2000 രൂപ മുതല്‍ 15000 രൂപയാണ് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനില്‍ ഓരോ മാസവും നഷ്ടപ്പെടുന്നത്. അതിനിടയില്‍ ശമ്പളത്തിന്റേയും പെന്‍ഷന്റേയും വിഹിതം താല്‍ക്കാലികമായി മാറ്റി വയ്ക്കാനുള്ള നീക്കം ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കും.

Leave a Reply

Your email address will not be published. Required fields are marked *