CrimeKeralaNews

തിരുട്ട് ബാങ്ക് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് പോലീസ്; പ്രവർത്തനരഹിതമാക്കിയത് 27,680 അക്കൗണ്ടുകൾ

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകള്‍ക്ക് പോലീസ് പൂട്ടിട്ടു. തട്ടിപ്പുകാരുടെ അക്കൗണ്ടുകളും വാടകയ്ക്ക് നല്‍കുന്ന മ്യൂള്‍ അക്കൗണ്ടുകളും ഉള്‍പ്പെടെയാണിത്. ഇതുകൂടാതെ 11,999 സിംകാര്‍ഡുകളും 17,734 വെബ്സൈറ്റുകളും സൈബര്‍ ഡിവിഷൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഫ്രോഡ് ആന്‍ഡ് സോഷ്യല്‍മീഡിയ വിങ് പ്രവര്‍ത്തനരഹിതമാക്കി. 8369 സാമൂഹികമാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടിയെടുത്തു.

വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 17 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതിനുപിന്നിലെ 16 ഏജൻ്റുമാരെ അറസ്റ്റുചെയ്തു. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യം അറിയിക്കാനുള്ള 1930 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ 2023-ല്‍ 23,748 പരാതി ലഭിച്ചു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടിരൂപയില്‍ 37 കോടിരൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളില്‍ നഷ്ടപ്പെട്ട 514 കോടിരൂപയില്‍ 70 കോടി തിരിച്ചുപിടിക്കാന്‍ പോലീസിനു കഴിഞ്ഞു.

സൈബര്‍ കുറ്റങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആയിരത്തില്‍പ്പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കേന്ദ്രസര്‍ക്കാരിൻ്റെ ആറുമാസം ദൈര്‍ഘ്യമുള്ള സൈബര്‍ കമാന്‍ഡോ കോഴ്സിലേക്ക് കേരളത്തില്‍നിന്ന് 24 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *