KeralaNews

അര്‍ധരാത്രി സ്ത്രീകള്‍ തനിച്ച് കഴിയുന്ന മുറിയിലെ പരിശോധന നിയമവിരുദ്ധം ; വനിത കമ്മീഷന് പരാതി നൽകി മഹിളാ കോൺഗ്രസ്

പാലക്കാട് : അര്‍ധരാത്രിയിൽ വനിതാ പോലീസ് പോലുമില്ലാതെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ വനിത കമ്മീഷന് പരാതി. വനിത കമ്മീഷന് പരാതി നൽകിയിരിക്കുന്നത് മഹിളാ കോൺഗ്രസാണ്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണക്കും ഷാനി മോള്‍ ഉസ്മാനും നേരിടേണ്ടി വന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അര്‍ധരാത്രിയിൽ സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന മുറിയിൽ അടക്കം റെയ്ഡ് നടത്തിയത് നിയമ വിരുദ്ധമാണ്. കൂടാതെ യാതൊരുവിധ നിയമങ്ങളും പാലിക്കാതെയാണ് റെയ്ഡ് നടത്തിയത്. അതിനാൽ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, പാതിരാത്രിയിലെ പൊലീസ് പരിശോധന വലിയ നടുക്കമുണ്ടാക്കിയെന്നും പൊലീസ് യാതൊരു മര്യാദയും കാണിക്കാതെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറയുന്നു.

“പൊലീസ് അങ്ങേയറ്റം അപമാനിച്ചു. കള്ളന്മാരും കൊള്ളക്കാരും തീവ്രവാദികളുമൊക്കെയാണല്ലോ രാത്രി ഇങ്ങനെ മുറിയിലേക്ക് അതിക്രമിച്ച് വരുക. ഉറങ്ങി തുടങ്ങിയപ്പോഴാണ് ബഹളം കേട്ടത്. 3014 മുറിയിൽ കയറണം എന്ന ശബ്ദമാണ് പുറത്ത് നിന്ന് കേട്ടത്. അപ്പോള്‍ ബെല്ലടിച്ച ശബ്ദം കേട്ടു. രണ്ടാമത്തെ ബെല്ല് കേട്ട് തുറക്കുമ്പോഴേക്കും നിറയെ പൊലീസുകാരാണ് പുറത്ത്. രണ്ടു പേര്‍ക്ക് യൂണിഫോമുണ്ടായിരുന്നില്ല. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ആരാണ് മുറിയിലുള്ളതെന്ന് പൊലീസ് ചോദിച്ചു. ഭര്‍ത്താവാണെന്നും ഉറങ്ങുകയാണെന്നും പറഞ്ഞപ്പോള്‍ വിളിക്കാൻ പറയുകയായിരുന്നുവെന്ന് ബിന്ദു കൃഷ്ണ പറയുന്നു”.

വിളിക്കാൻ പറ്റില്ലെന്നും എന്താണ് കാര്യമെന്നും തിരിച്ചു ചോദിച്ചപ്പോള്‍ വീണ്ടും ഭര്‍ത്താവിനെ വിളിക്കാൻ പറഞ്ഞ് പൊലീസ് ബഹളം വെച്ചു. പിന്നീട് അദ്ദേഹത്തെയും വിളിച്ചുകൊണ്ടുവന്നു. രണ്ടു പേരും വാതിലിന്‍റെ അടുത്തേക്ക് വന്നപ്പോഴേക്കും മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറി. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തി. ഞങ്ങളെയും പുറത്താക്കി. നാലു പെട്ടികളും ഹാന്‍ഡ് ബാഗുകളും അലമാരയിലെ ഉപയോഗിച്ച വസ്ത്രങ്ങളുമെല്ലാം പരിശോധിച്ചു. മേശയുടെ അടിയിലുണ്ടായിരുന്ന പെട്ടിയും തുറന്ന് കാണിച്ചുകൊടുത്തുവെന്നും ബിന്ദു കൃഷ്ണ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *