
ശശി തരൂരിൻ്റെ സർക്കാർ പ്രീണന ലേഖനത്തിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര
സ്റ്റാർട്ടപ്പിൻ്റെ ഫണ്ട് പോലും വെട്ടിയ ബാലഗോപാലിൻ്റെ ബജറ്റ് വായിക്കാതെ വ്യവസായ വളർച്ചയിൽ കേരളം അതിശയിപ്പിക്കുന്നുവെന്ന് പറഞ്ഞ തരൂർ വെറും ശശിയായപ്പോൾ
വിശ്വ പൗരൻ ശശി തരൂരിന് വഴങ്ങുന്നത് ഇംഗ്ലീഷ് സാഹിത്യം മാത്രമോ? വസ്തുതകൾ വിലയിരുത്തുന്നതിൽ ശശി തരൂർ സമ്പൂർണമായി പരാജയപ്പെടുന്നു. കേരളത്തിൻ്റെ വ്യവസായ മേഖല കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണെന്നും അത് അതിശയിപ്പിക്കുന്നതാണെന്നും ആണ് ശശിയുടെ പുതിയ കണ്ടെത്തൽ. എന്നാല്‍ എന്താണ് യത്ഥാർത്ഥ വസ്തുത എന്ന് പരിശോധിക്കാം.
2024 ഒക്ടോബർ 8 ന് വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച് മന്ത്രി പി. രാജീവ് നിയമസഭയിൽ നൽകിയ മറുപടി പരിശോധിക്കാം. 55 പൊതുമേഖല സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിൻ്റെ കീഴിൽ ഉള്ളത്. ഇതിൽ 33 എണ്ണവും നഷ്ടത്തിലാണ്. ലാഭത്തിൽ പ്രവർത്തിക്കുന്നത് 19 എണ്ണം മാത്രമാണ്. ബാക്കി 3 എണ്ണം ലാഭവും നഷ്ടവും നോക്കി പ്രവർത്തിക്കുന്നവയല്ലെന്നാണ് രാജീവിൻ്റെ മറുപടി. കണക്കുകളിൽ നിന്ന് 60 ശതമാനം പൊതുമേഖല സ്ഥാപനങ്ങളും നഷ്ടത്തിലാണ് എന്ന് വ്യക്തം.

ഇതൊന്നും പരിശോധിക്കാതെ ശശി പറയുന്നു കേരളം അതിശയിപ്പിക്കുന്നു എന്ന്. സ്റ്റാർട്ടപ്പ് മേഖലയിലെ കുതിപ്പ് ആണ് ശശി ലേഖനത്തിൽ എടുത്ത് പറയുന്നത്. അതിമിടുക്കരായ കുട്ടികൾ തങ്ങളുടെതായ രീതിയിൽ വളരുന്നതിനെ പി.രാജീവിൻ്റെ കുതിപ്പായാണ് ശശി കാണുന്നത്. പി. രാജീവും സർക്കാരും സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന സഹായം ശശി ഒന്ന് പരിശോധിച്ചിരുന്നുവെങ്കി പരിശോധിച്ചിരുന്നുവെങ്കിൽ ഇങ്ങനെ എഴുതില്ലായിരുന്നു. സ്റ്റാർട്ടപ്പ് പിന്തുണ, നിക്ഷേപ പിന്തുണ, സാങ്കേതിക പിന്തുണ എന്നിങ്ങനെ സംരംഭക പിന്തുണക്ക് സംസ്ഥാനം നിക്ഷേപ സബ് സിഡിയായി 2024- 25 ബജറ്റിൽ വകയിരുത്തിയത് 58.50 കോടിയാണ്.
പ്ലാൻ ഫണ്ട് 50 ശതമാനം വെട്ടി കുറച്ചതിൻ്റെ ഭാഗമായി 58.50 കോടി ബാലഗോപാൽ പുതുക്കിയ എസ്റ്റിമേറ്റിൽ 20.47 കോടിയായി കുറച്ചു. അതായത് സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ സബ്സിഡിയായി നൽകാൻ വകയിരുത്തിയ തുകയിൽ 38.03 കോടിയാണ് വെട്ടി കുറച്ചത്. ഇതാണ് കേരള സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് വിശേഷ ബജറ്റ് കഥ.

വ്യവസായ വകുപ്പിൻ്റെ 694 കോടി രൂപയുടെ പദ്ധതികളാണ് ബാലഗോപാൽ വെട്ടി കുറച്ചത്. 1221.99 കോടിയായിരുന്നു 2024- 25 ലെ ബജറ്റിലെ പദ്ധതി വിഹിതം. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 527. 39 കോടിയായി. ഗ്രാമീണ ചെറുകിട വ്യവസായങ്ങൾക്ക് 444.33 കോടിയായിരുന്നു ബജറ്റ് വിഹിതം. 233.85 കോടിയാണ് ഇതിൻ്റെ പുതുക്കിയ എസ്റ്റിമേറ്റ്. ഇടത്തരവും വലുതുമായ വ്യവസായങ്ങൾക്ക് 773.09 കോടിയായിരുന്നു ബജറ്റ് വിഹിതം.
ഇതിൻ്റെ പുതുക്കിയ എസ്റ്റിമേറ്റ് 291.21 കോടിയാണ്. ഇതെല്ലാം ബാലഗോപാൽ ഫെബ്രുവരി 7 ന് അവതരിപ്പിച്ച ബജറ്റ് പരിശോധിച്ചാൽ ഏത് കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന കാര്യമാണ്. ശശിക്ക് ഒന്നെങ്കിൽ കണക്കറിയില്ല, ബജറ്റ് അറിയില്ല എന്ന് വ്യക്തം. അല്ലെങ്കിൽ പി രാജീവിനെ പുകഴ്ത്തി ലേഖനം എഴുതിയതിന് പിന്നിൽ ശശിക്ക് മറ്റ് എന്തൊക്കെയോ ഉദ്ദേശങ്ങളുണ്ട്. ഉദ്ദേശങ്ങളുമായി ശശി മുന്നോട്ട് പോകുമ്പോൾ ശശി വിശ്വപൗരനാണെന്നും എല്ലാ അറിയാവുന്ന ആളാണെന്നും മലയാളികൾ കുറച്ച് പേരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.
അവരുടെ വിശ്വാസം കെടുത്താതിരിക്കാൻ അസംബന്ധങ്ങൾ എഴുതുന്നതിന് മുൻപ് ഒന്ന് വായിച്ച് പരിശോധിച്ചു നോക്കുന്നത് ശശിക്ക് നല്ലതാകും. ഇങ്ങനെ പോയാൽ വിശ്വ പൗരനെ വിശ്വ മണ്ടൻ എന്ന് വിളിക്കുന്ന കാലം അതിവിദൂരമല്ല.