
രത്തൻ ടാറ്റ വിടവാങ്ങിയതോടെ 132 വർഷത്തെ പാരമ്പര്യമുള്ള ബിസിനസ്സ് സാമ്രാജ്യം ഇനി ആരിലേക്ക് എത്തുമെന്ന് നോക്കുകയാണ് വ്യവസായ-രാഷ്ട്രീയ ലോകം. വ്യവസായത്തെ മാത്രമല്ല മനുഷ്യരെയും മൃഗങ്ങളെയും ജീവിതത്തോട് ചേർത്തു പിടിച്ച സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച രത്തൻ ടാറ്റയുടെ പിൻഗാമിയാകലിന് വാർത്താ പ്രാധാന്യം ധാരാളമാണ്.
അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ നോയെൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കളായ നെവില്ലേ ടാറ്റ, ലീഹ് ടാറ്റ, മായ ടാറ്റ എന്നിവരുടെ പേരുകളാണ് ബിസിനസ് ലോകത്ത് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ടാറ്റയുടെ ചെയർമാനായിരിക്കെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക വികസനത്തിന് ഊന്നൽ നൽകിയ രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞ ശേഷവും സാമ്പത്തിക സഹായങ്ങൾ തുടർന്നിരുന്നു. 2012ലാണ് ടാറ്റയുടെ നേതൃപദവിയിൽനിന്ന് വിരമിക്കുകയാണെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെ ടാറ്റയുടെ ചെങ്കോലേറ്റു വാങ്ങാനുള്ള ദൗത്യം വന്നെത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയുടെ കൈകളിലായിരുന്നു. ടാറ്റയുടെ ചരിത്രത്തിൽ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. മിസ്ത്രിയുടെ ചെയർമാൻ സ്ഥാനത്തിന് പക്ഷേ നാലുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തൻ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് അതിനാടകീയമായി മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. പിന്നാലെ എൻ. ചന്ദ്രശേഖരൻ എന്ന നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തി.
അതേസമയം, അർദ്ധ സഹോദരൻ നോയൽ ടാറ്റയെ ചെയർമാൻ സ്ഥാനത്തേക്ക് രത്തൻ ടാറ്റ പരിഗണിച്ചിരുന്നില്ലെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റാൻ നോയൽ ടാറ്റ പ്രാപ്തനല്ലെന്നായിരുന്നു രത്തൻ ടാറ്റയുടെ വാദം. എങ്കിലും, പിൻഗാമിയാകാൻ സാധ്യതയുള്ള പേരുകളിൽ പ്രധാനമായിട്ടുള്ളത് നോയൽ ടാറ്റയുടെയേതാണ്. നോയൽ ടാറ്റയുടെ ഇളയ മകളായ മായ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് എത്തുമെന്ന അഭ്യൂഹം ഈയിടെയുണ്ടായിരുന്നു.
നോയൽ ടാറ്റയുടെ മക്കളായ ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവർ ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റിൽ നിയമിച്ചത് ടാറ്റ ഗ്രൂപ്പ് സംവിധാനത്തിന്റെ കൂടുതൽ ചുമതലകൾ നൽകാനും ക്രമേണ നേതൃപദവിയിലേക്ക് എത്തിക്കാനുമാണ് എന്നായിരുന്നു പ്രചരിച്ചത്. നോയൽ ടാറ്റയുടെ മൂന്ന് മക്കളെ ടാറ്റയുടെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോർഡിലേക്ക് നിയമിച്ചിരുന്നു. ലിയ, മായ, നെവിൽ എന്നിവരെ അഞ്ച് ട്രസ്റ്റുകളുടെ ട്രസ്റ്റികളാക്കി.
സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും അഫിലിയേറ്റ്‌സ്, എന്നിവയാണ് ടാറ്റ ട്രസ്റ്റുകളിലെ പ്രാഥമിക സ്ഥാപനങ്ങൾ. ഈ അഞ്ച് ട്രസ്റ്റുകൾക്ക് സാൾട്ട്-ടു-സോഫ്റ്റ്വെയർ കൂട്ടായ്മയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ ഓഹരിയുണ്ട്. അന്നത്തെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ രത്തൻ ടാറ്റ അംഗീകരിച്ച അവരുടെ പുതിയ ചുമതലകൾ ഈ വർഷം മെയ് 6 മുതൽ പ്രാബല്യത്തിൽ വന്നു. ലിയ, മായ, നെവിൽ എന്നിവർ വിവിധ ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളിൽ മാനേജർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ട്രസ്റ്റിഷിപ്പ് ഏറ്റെടുത്തതിന് ശേഷവും അത് തുടരും.
നോയൽ എൻ. ടാറ്റയ്ക്ക് 40 വർഷമായി ടാറ്റ ഗ്രൂപ്പുമായി ബന്ധമുണ്ട്, നിലവിൽ ട്രെന്റ്, ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡ്, വോൾട്ടാസ് & ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനായും ടാറ്റ സ്റ്റീലിന്റെ വൈസ് ചെയർമാനായും ഉൾപ്പെടെ വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡിൽ സേവനമനുഷ്ഠിക്കുന്നു. ടൈറ്റൻ കമ്പനി ലിമിറ്റഡും സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോർഡിൽ ട്രസ്റ്റിയായും നോയൽ ടാറ്റ പ്രവർത്തിക്കുന്നു.
2010 ഓഗസ്റ്റിനും 2021 നവംബറിനുമിടയിൽ ടാറ്റ ഗ്രൂപ്പിന്റെ ട്രേഡിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ വിഭാഗമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ അവസാന എക്സിക്യൂട്ടീവ് അസൈൻമെന്റ്, അവിടെ അദ്ദേഹം കമ്പനിയുടെ വളർച്ച 500 മില്യൺ ഡോളറിൽ നിന്ന് 3 ബില്യൺ ഡോളറിലേക്ക് ഉയർത്തി. ടാറ്റ ഇന്റർനാഷണലിന് മുമ്പ്, ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ട്രെന്റിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
1998 ലെ ഒരു സ്റ്റോർ പ്രവർത്തനത്തിൽ നിന്ന് ഇന്ന് 700 സ്റ്റോറുകളിലേക്ക് വളർത്താൻ നോയലിന് സാധിച്ചിട്ടുണ്ടെന്ന് ടാറ്റ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ നോയൽ റ്റാറ്റ ഇൻസെഡിൽ നിന്ന് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം മിസ്റ്റർ നേവൽ എച്ച്. ടാറ്റയുടെയും ശ്രീമതി സിമോൺ എൻ. ടാറ്റയുടെയും മകനാണ്.