CricketIPLSports

ആദ്യ വിജയലക്ഷ്യവുമായി ചെന്നൈക്കെതിരെ രാജസ്ഥാൻ; മലയാളി ആരാധകരുടെ പ്രതീക്ഷ സഞ്ജുവിൽ | IPL 2025

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ ആദ്യ വിജയത്തിനായി രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. കഴിഞ്ഞ മൽസരത്തിൽ ബാഗ്ലൂരിനെതിരെ മോശം പ്രകടനം നടത്തിയ ചെന്നൈക്ക് ഇന്ന് ഒരു മികച്ച വിജയം അനിവാര്യമാണ്.

ഗുവാഹട്ടിയില്‍ വൈകിട്ട് 7.30 നാണ് ആരംഭിക്കുന്നത്. ഇരു ടീമുകളും തമ്മിൽ 30 തവണ മത്സരിച്ചപ്പോൾ 16 വിജയങ്ങൾ ചെന്നൈയ്ക്കും 14 തവണ രാജസ്ഥാനും വിജയിച്ചു.
മോശം പ്രകടനങ്ങൾക്കും ടീം കോംബിനേഷനിലും ഒരുപാട് വെല്ലുവിളികള്‍ നേരിടുകയാണ് ഇരു ടീമുകളും .

കഴിഞ്ഞ മൽസരത്തിൽ ചെന്നൈയുടെ കുറഞ്ഞ റൺനിരക്ക്, മുൻ നിര ബാറ്റർമാരുടെ മോശം പ്രകടനം, ധോണി ബാറ്റിംഗ് പൊസിഷനിൽ അശ്വിനും താഴെ ക്രീസിൽ എത്തിയത് തുടങ്ങിയ കാര്യങ്ങൾ വളരെ വിവാദങ്ങൾക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ധോണിയുടെ ബാറ്റിംഗ് പൊസിഷൻ മുൻ നിരയിലേക്ക് മാറ്റണമെന്നും ക്രിക്കറ്റ് ലോകത്തിലെ മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
രചിൻ രവീന്ദ്രയുടെ ബാറ്റിംഗ് പൊസിഷൻ മാറ്റി ഋുതുരാജ് ഗെയ്ക്‌വാദ് ഡിവോൺ കോൺവേയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.

തുടർ പരാജയങ്ങളിൽ നിൽക്കുന്ന രാജസ്ഥാന്റെ ബാറ്റിംഗ് നിരയിലും ബാറ്റിംഗ് പൊസിഷനിലെ മാറ്റങ്ങൾ ആവശ്യമുണ്ടെന്നുള്ളതാണ് അഭിപ്രായങ്ങൾ ‘ യശ്വസി ജയ്‌സ്വാൾ ഫോമിലേക്ക് ഉയരാത്തത്, താൽകാലിക ക്യാപ്റ്റൻ റയാൻ പരാഗിന്റെയും ഷിമ്റോൺ ഹെറ്റ്മെയറുടെയും ബാറ്റിംഗ് പൊസിഷനുകൾ തുടങ്ങിയവ പരാജയ കാരണങ്ങളായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ധോണിയുടെ വിശ്വസ്തനായ സീമർ തുഷാർ ദേശ്പാണ്ഡെ ഇപ്പോൾ രാജസ്ഥാനു വേണ്ടി കളിക്കുമ്പോൾ രാജസ്ഥാൻ്റെ മുൻ താരം ശിവം ദുബെ ചെന്നൈ ടീമിലാണ് .
സി എസ് കെ യുടെ മുൻ പവർ പ്ലേ സ്പെഷ്യലിസ്റ്റ് ബോളർ മഹേഷ് തീക്ഷണ അതേ റോളിൽ ഇപ്പോൾ രാജസ്ഥാനിൽ കളിക്കുന്നു.

മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ഉൾപ്പെടുന്ന രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ യശ്വസി ജയ്‌സ്വാൾ , റയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിമ്റോൺ ഹെറ്റ് മെയർ എന്നിവർ കരുത്തു പകരുന്നു. ബോളിംഗിൽ ജോഫ്ര ആർച്ചർ, മഹിഷ് തീക്ഷണ, വാനിന്ദു ഹസരംഗ, സന്ദീപ് ശർമ്മ തുടങ്ങിയവർ കളിച്ചേക്കും.

ഈ സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഇപ്പോൾ മുന്നിലുള്ള നൂർ അഹമ്മദ്, ആദ്യ അഞ്ചു സ്ഥാനങ്ങളില്‍തന്നെയുള്ള ഖലീൽ അഹമ്മദ് , ആർ അശ്വിൻ, ഉൾപ്പെടെ നല്ലൊരു ബോളിംഗ് നിര ചെന്നൈക്കുണ്ട്. ബാറ്റിംഗിൽ രചിൻ രവീന്ദ്ര, ഡിവോൺ കോൺവേ , ഋതുരാജ് ഗെയ്ക് വാദ്, എം എസ് ധോണി , ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നീ താരങ്ങൾ ഉൾപ്പെടുന്നു