
കോഴിയിറച്ചി ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാൻസർ സാധ്യത കൂടുതലെന്ന് പഠനം
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നത് ദഹനനാളത്തിലെ കാൻസറിന് കാരണമാകുമെന്ന് പഠനം. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി പഠനമനുസരിച്ച്, ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്ന ആളുകൾക്ക് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസറിനും (gastrointestinal cancer) അകാല മരണത്തിനും സാധ്യത കൂടുതലാണ്. ആഴ്ചയിൽ 100 ഗ്രാമോ അതിൽ കുറവോ കോഴിയിറച്ചി മാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിച്ചതിനുശേഷം മരണ സാധ്യത 27% കൂടുതലാണെന്നും പഠനം കൂട്ടിച്ചേർത്തു.
ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. 20 വർഷത്തിനിടെ ഇറ്റലിയിൽ താമസിക്കുന്ന 4,869 മുതിർന്നവരുടെ ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
ഈ പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം അന്നനാളത്തിലെ കാൻസർ, ആമാശയ കാൻസർ, വൻകുടൽ കാൻസർ, പാൻക്രിയാറ്റിക് കാൻസർ, കരൾ കാൻസർ തുടങ്ങിയ ദഹന വ്യവസ്ഥയിലെ കാൻസറുകൾ പുരുഷന്മാരിൽ സ്ത്രീകളേക്കാൾ കൂടുതലായി കാണപ്പെടുന്നു.
ലോകമെമ്പാടും ധാരാളമായി ഉപയോഗിക്കുന്ന ഒരു മാംസമാണ് കോഴിയിറച്ചി. താരതമ്യേന വില കുറവായതും എളുപ്പത്തിൽ ലഭ്യമാകുന്നതും ഇതിന്റെ ഉപഭോഗം കൂടാൻ കാരണമാണ്.മുമ്പത്തെ ഗവേഷണങ്ങൾ കോഴിയിറച്ചി ഹൃദയ സംബന്ധമായ രോഗങ്ങൾക്കും ചില ദഹനനാള കാൻസറുകൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം, ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്ന ആളുകൾക്ക് ദഹനനാളത്തിലെ കാൻസർ വരാനും അതുപോലെ നേരത്തെയുള്ള മരണത്തിനും സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നവരിൽ നേരത്തെയുള്ള മരണം സംഭവിക്കാനുള്ള സാധ്യത 100 ഗ്രാം വരെ മാത്രം കോഴിയിറച്ചി കഴിക്കുന്നവരേക്കാൾ 27 ശതമാനം കൂടുതലാണ് എന്നും പഠനത്തിൽ പറയുന്നു.
“ലോക ജനസംഖ്യ ഒരുപാട് കഴിക്കുന്ന ഈ ഭക്ഷണ വിഭാഗത്തെക്കുറിച്ച്, അതായത് വൈറ്റ് മീറ്റിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. ഇത് കേവലമായ രീതിയിൽ ആരോഗ്യകരമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടാകാം,” ഗവേഷകർ പറഞ്ഞു.
“കോഴിയിറച്ചി കഴിക്കുന്നത് മിതപ്പെടുത്തുകയും, മത്സ്യം പോലുള്ള മറ്റ് പോഷകഗുണമുള്ള പ്രോട്ടീൻ ഉറവിടങ്ങളുമായി ഇത് മാറിമാറി കഴിക്കുകയും ചെയ്യണം. അതുപോലെ ഉയർന്ന താപനിലയും കൂടുതൽ സമയം പാകം ചെയ്യുന്ന രീതികളും ഒഴിവാക്കണം,” അവർ കൂട്ടിച്ചേർത്തു.
എങ്കിലും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനും സംസ്കരിച്ച കോഴിയിറച്ചിയുടെ ദോഷങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.