
ന്യൂഡൽഹി: കൂടുതൽ ചീറ്റകളെ രാജ്യത്തെത്തിക്കാനുള്ള നീക്കം സജീവമാക്കി ഇന്ത്യ. ഇന്ത്യയുടേതിന് സമാനമായ കാലാവസ്ഥയുള്ള കെനിയയിൽ നിന്നുമാണ് ചീറ്റകളെ എത്തിക്കുക. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് ഈ നീക്കം.
ഇതിൻ്റെ ഭാഗമായി കെനിയയുമായി പുതിയ ധാരണാപത്രം (എംഒയു) ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചു. ധാരണാപത്രത്തിൻ്റെ കരട് പരിശോധനയ്‌ക്കായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിയമ, ഉടമ്പടി വിഭാഗത്തിന് അയച്ചിട്ടുണ്ട്. നേരത്തെ, കെനിയൻ പ്രതിനിധികൾ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് സന്ദർശിക്കുകയും വെറ്ററിനറി, കൺസർവേഷൻ ക്രമീകരണങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളുടെ മരണനിരക്ക് ഉയർന്നതോടെ പദ്ധതിയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. നിലവിലെ കണക്കനുസരിച്ച് 12 കുഞ്ഞുങ്ങൾ ഉൾപ്പെടെ 25 ചീറ്റകളാണ് കുനോയിലുള്ളത്. 2023 മാർച്ചിനും 2024 ഓഗസ്റ്റിനും ഇടയിൽ പ്രായപൂർത്തിയായ ഏഴ് ചീറ്റകളും അഞ്ച് കുഞ്ഞുങ്ങളും ചത്തിരുന്നു.
ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുകൊണ്ടുവന്ന ചീറ്റകൾക്ക് കാലാവസ്ഥാ മാറ്റം അതിജീവിക്കാനായില്ല എന്നുള്ളതാണ് പ്രധാന കണ്ടെത്തൽ. അതിനാലാണ് ഇത്തവണ കെനിയയിൽ നിന്നും ചീറ്റകളെ എത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.