KeralaNews

അരിക്കൊമ്പനെ പോലെ നാടുവിടേണ്ടിവന്നവൻ; മാനന്തവാടിയെ വിറപ്പിച്ച് തണ്ണീർ കൊമ്പൻ

വയനാട്: മാനന്തവാടി നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാന തണ്ണീർ കൊമ്പൻ കർണാടക വനമേഖലയിൽ നിന്ന് എത്തിയതാണെന്ന് റിപ്പോർട്ട്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് സമാനമാണ് വയനാട് മാനന്തവാടിയിലെത്തിയ കാട്ടാന. കർണാടകയിലെ ഹാസൻ ഡിവിഷന് കീഴിൽ കഴിഞ്ഞ ജനുവരി പതിനാറിന് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനംവകുപ്പ് ഉൾക്കാട്ടിലേക്ക് അയക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മാനന്തവാടി ടൗണിലെ കണിയാരത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന എത്തിയത്. ജനവാസ മേഖലയിലൂടെ നടന്നുനീങ്ങിയ ആന യാതൊരു തരത്തിലുമുള്ള അക്രമവും നടത്തിയില്ല. സമീപത്ത് കൂടി വാഹനങ്ങൾ കടന്നുപോകുമ്പോഴും ആന ശാന്തനായിരുന്നു.

ജനവാസ മേഖലയിലിറങ്ങി ജനജീവിതം താറുമാറാക്കിയതോടെയാണ് അരിക്കൊമ്പനെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയത്. എന്നാൽ കർണാടയിൽ നിന്ന് മാനന്തവാടിയിലെത്തിയ കാട്ടാന അക്രമകാരിയല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കർണാടകയിലെ ഹസൻ ഡിവിഷനിലെ കാപ്പിത്തോട്ടങ്ങളിൽ പതിവായി എത്തിയതോടെയാണ് ആനയെ പ്രദേശവാസികൾ ശ്രദ്ധിക്കാൻ ആരംഭിച്ചത്.

അപകടകാരിയല്ലെങ്കിലും കൃഷിസ്ഥലങ്ങളിലേക്ക് എത്താൻ ആളുകൾ ഭയപ്പെട്ടതോടെ മയക്കുവെടിയുതിർത്ത് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് അയക്കുകയായിരുന്നു. മോഴയാനയ്ക്കൊപ്പമാണ് കൊമ്പൻ ഹസൻ ഡിവിഷനിലെ കാപ്പിത്തോട്ടങ്ങളിൽ എത്തിയിരുന്നത്. മയക്കുവെടിയുതിർത്ത് പിടികൂടിയ കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പൂർ ടൈഗർ റിസർവിലേക്ക് മാറ്റുകയും ചെയ്തു. ആനയുടെ അവസാനത്തെ ജിപിഎസ് റീഡിങ്ങിൽ കാണിച്ചത് ആനയുടെ ലൊക്കേഷൻ കടകിലെ കുട്ട എന്ന സ്ഥലത്താണ്. എന്നാൽ, കൊമ്പൻ എങ്ങനെയാണ് മാനന്തവാടിയിൽ എത്തിയതെന്ന് വ്യക്തമല്ല.

ബന്ദിപ്പൂരിൽ നിന്ന് ഹാസൻ ഡിവിഷനിലെ മദ്ദൂരിലേക്ക് സഞ്ചരിച്ച പിന്നെ എതിർവശത്തേക്ക് തിരിഞ്ഞ് കേരളത്തിൽ എത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മനസ്സിലാക്കിയാകാം ആന എത്തിയത്. നിലവിൽ ആനയെ മയക്കുവെടിയുതിർത്ത് പിടികൂടി പ്രദേശവാസികൾക്ക് ഭീഷണിയാകാത്ത രീതിയിൽ മാറ്റാനാണ് ശ്രമമെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *