
പി. സരിൻ ഐസക്കിനെ ഉപദേശിക്കും: ശമ്പളം 80,000 രൂപ; വിജ്ഞാന കേരളത്തില്‍ പ്രവർത്തിക്കും
കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ പി. സരിനെ വിജ്ഞാന കേരളം മിഷൻ ഉപദേശകനായി നിയമിച്ചു. 80,000 രൂപയാണ് അദ്ദേഹത്തിന്റെ മാസശമ്പളം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഎം ഈ നീക്കം നടത്തിയിരിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായെത്തിയവരെ കൈവിടില്ലെന്ന സന്ദേശം നൽകുകയാണ് ഈ നിയമനത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് നിർണായകമായ ഈ പദവി നൽകുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധി നേരിട്ട സരിനെ ചേർത്തുനിർത്താനുള്ള സിപിഎമ്മിന്റെ തീരുമാനമാണിത്. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിൽ ധാരണയായിരുന്നു.
മുഖ്യമന്ത്രിയുമായി പി. സരിൻ ആശയവിനിമയം നടത്തിയതായാണ് സൂചന. സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളയിരുന്നു സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് സരിൻ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടത്.
കേരള നോളെജ് ഇക്കോണമി മിഷന്റെ ഉപദേശകനായി മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ചുമതലയേറ്റെടുത്തിരുന്നു. ഈ സർക്കാരിന്റെ കാലാവധി തീരുംവരെയാണ് നിയമനം.