അന്റാർട്ടിക്കയിലെ മഞ്ഞിനടിയിൽ ഒരു ‘നഷ്ടലോകം’; 3.4 കോടി വർഷമായി മറഞ്ഞുകിടന്ന പുഴകളും കാടുകളും കണ്ടെത്തി
ലണ്ടൻ: ചൊവ്വയുടെ ഉപരിതലത്തേക്കാൾ നമുക്ക് അജ്ഞാതമായ ഒരിടം ഭൂമിയിലുണ്ടെങ്കിൽ, അത് അന്റാർട്ടിക്കയിലെ കിലോമീറ്ററുകൾ കനമുള്ള മഞ്ഞുപാളികൾക്ക് താഴെയുള്ള ലോകമാണ്. ഇപ്പോൾ, ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി, 3.4 കോടി വർഷത്തിലേറെയായി ആരും കാണാതെ മറഞ്ഞുകിടന്ന ഒരു പുരാതന ഭൂപ്രദേശം അവിടെ കണ്ടെത്തിയിരിക്കുന്നു. ഒരുകാലത്ത് പുഴകളും നിബിഡ വനങ്ങളും ഉണ്ടായിരുന്നിരിക്കാവുന്ന, മലയിടുക്കുകളും താഴ്‌വരകളും നിറഞ്ഞ ഒരു ലോകമാണിത്.
കിഴക്കൻ അന്റാർട്ടിക്കയിലെ വിൽക്സ് ലാൻഡ് എന്ന വിദൂര മേഖലയിലാണ് ഏകദേശം 12,000 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഡർഹാം സർവകലാശാലയിലെ ജിയോളജിസ്റ്റായ പ്രൊഫസർ സ്റ്റ്യൂവർട്ട് ജാമിസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ. സാറ്റലൈറ്റ് ഡാറ്റയും മഞ്ഞുപാളികളെ തുളച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിവുള്ള റഡാറും ഉപയോഗിച്ചാണ് സംഘം ഈ നഷ്ടലോകത്തിന്റെ ചിത്രം വരച്ചെടുത്തത്.
“ഇതൊരു ടൈം ക്യാപ്സ്യൂൾ തുറക്കുന്നത് പോലെയാണ്,” പ്രൊഫസർ ജാമിസൺ പറയുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്ക ദക്ഷിണധ്രുവത്തിലേക്ക് നീങ്ങിയതോടെ, തണുത്ത സമുദ്ര പ്രവാഹങ്ങൾ അതിനെ മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയും ഭീമാകാരമായ മഞ്ഞുപാളികൾ രൂപപ്പെടുകയുമായിരുന്നു.
സാധാരണഗതിയിൽ, ചലിക്കുന്ന മഞ്ഞുപാളികൾ അവയ്ക്ക് താഴെയുള്ള ഭൂപ്രദേശത്തെ പൂർണ്ണമായും നശിപ്പിക്കാറുണ്ട്. എന്നാൽ, വിൽക്സ് ലാൻഡിലെ മഞ്ഞ് അതിശൈത്യം കാരണം വളരെ പതുക്കെയാണ് ചലിക്കുന്നത്. ഇത് കാരണം, മഞ്ഞിനടിയിലെ ഭൂപ്രകൃതിക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. അതുകൊണ്ടാണ് 3.4 കോടി വർഷങ്ങൾക്ക് മുൻപുള്ള അതേ രൂപത്തിൽ ഈ പ്രദേശം ഇന്നും നിലനിൽക്കുന്നത്.
ഈ പുരാതന ലോകത്തിന്റെ ഘടന പഠിക്കുന്നത്, ഭൂമിയുടെ പഴയ കാലാവസ്ഥയെക്കുറിച്ചും, ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം അന്റാർട്ടിക്കയിലെ മഞ്ഞുപാളികളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുമെന്ന് ന്യൂകാസിൽ സർവകലാശാലയിലെ പ്രൊഫസർ നീൽ റോസ് പറയുന്നു. ഈ മഞ്ഞുപാളികൾ തുരന്ന് താഴെയുള്ള മണ്ണും പാറകളും പഠനവിധേയമാക്കിയാൽ, ആ പുരാതന ലോകത്തെക്കുറിച്ചുള്ള കൂടുതൽ രഹസ്യങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.