CrimeLegal NewsNews

വിവാഹ വാഗ്ദാനം നൽകി വഞ്ചന; വിവാഹിതയുടെ പീഡന പരാതി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതയായ ഒരു സ്ത്രീക്ക്, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന പേരിൽ ലൈംഗിക പീഡനത്തിന് പരാതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. വിവാഹിതയായ സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായി 19 ദിവസമായി ജയിലിൽ കഴിഞ്ഞിരുന്ന യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഈ സുപ്രധാന വിധി. “ഇരുകക്ഷികളിൽ ഒരാൾക്ക് നിലവിൽ വിവാഹബന്ധം ഉള്ളപ്പോൾ, അവിടെ ഒരു വിവാഹ വാഗ്ദാനത്തിന് പ്രസക്തിയില്ല,” എന്ന് കോടതി നിരീക്ഷിച്ചു.

മലപ്പുറത്തെ ഒരു ആശുപത്രിയിലെ പിആർഒ ആയ 28-കാരനും, അതേ സ്ഥാപനത്തിലെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവായ 26-കാരിയും തമ്മിലുള്ള പ്രണയബന്ധമാണ് കേസിന് ആധാരം.

കേസിന്റെ നാൾവഴികൾ

2024 ജൂണിലാണ് ആശുപത്രി പിആർഒ ആയ രാകേഷും (യഥാർത്ഥ പേരല്ല) വിവാഹിതയായ മീരയും (യഥാർത്ഥ പേരല്ല) തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നീട് മീര മറ്റൊരു ആശുപത്രിയിലേക്ക് ജോലി മാറിയെങ്കിലും ഇരുവരും ബന്ധം തുടർന്നു. മീര വിവാഹിതയാണെന്ന കാര്യം കാമുകന് ആദ്യം അറിയില്ലായിരുന്നുവെന്നും, പിന്നീട് ഭർത്താവും അച്ഛനും ചേർന്ന് ജോലിസ്ഥലത്ത് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. അതിന് ശേഷവും ഇവർ ബന്ധം തുടരുകയും, ഒടുവിൽ മീര ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു.

2025 മാർച്ചിൽ, മീര ജോലി ചെയ്തിരുന്ന പുതിയ ആശുപത്രിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി ഉയർന്നു. ഇതിന് പിന്നാലെ രാകേഷ് ബന്ധത്തിൽ നിന്ന് പിന്മാറി. മൂന്ന് മാസങ്ങൾക്ക് ശേഷം, ജൂണിലാണ് രാകേഷ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, 2.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കാണിച്ച് മീര പോലീസിൽ പരാതി നൽകിയത്. ഈ പരാതിയെ തുടർന്നാണ് ജൂൺ 13-ന് മലപ്പുറം പൊലീസ് രാകേഷിനെ അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ

ഭാരതീയ ന്യായ സംഹിതയിലെ (BNS) പരസ്പര വിരുദ്ധമായ രണ്ട് വകുപ്പുകൾ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. വിവാഹിതയായ സ്ത്രീയെ ലൈംഗിക ബന്ധത്തിനായി തട്ടിക്കൊണ്ടുപോയി എന്ന സെക്ഷൻ 84-ഉം, വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന സെക്ഷൻ 69-ഉം ആണ് യുവാവിനെതിരെ ചുമത്തിയിരുന്നത്.

“പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ, വിവാഹ വാഗ്ദാനത്തിന്റെ പേരിലുള്ള ലൈംഗിക ബന്ധം എന്ന കുറ്റം നിലനിൽക്കില്ല,” എന്ന് കോടതി വ്യക്തമാക്കി. സെക്ഷൻ 84 ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ, പ്രതിയെ തുടർന്നും തടവിൽ വെക്കുന്നത് അനാവശ്യമാണെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്. കേസ് പൂർണ്ണമായി റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ അടുത്ത നീക്കം.