
കേരളത്തിലെ സ്റ്റാർട്ടപ്പ് അഭൂതപൂർവ്വമായി വളർന്നെന്ന റിപ്പോർട്ട് പണം നൽകി ഉണ്ടാക്കിയത്: വി.ഡീ. സതീശൻ
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ അഭൂതപൂർവ്വമായ വളർച്ച ഉണ്ടായി എന്ന Startup Genome സ്ഥാപനത്തിന്റെ റിപ്പോർട്ട് പണം നല്കി സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഈ റിപ്പോർട്ട് മുഖ്യമന്ത്രി നിക്ഷേപക സംഗമത്തിൽ ഉൾപ്പെടെ ഉന്നയിച്ചിരുന്നു. ഈ റിപ്പോർട്ട് വച്ചാണ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വലുതായെന്നു പറഞ്ഞത്. എന്നാൽ സ്റ്റാർട്ടപ്പ് ജീനോം എന്ന സ്ഥാപനത്തിന് പണം നൽകിയാണ് ഇത്തരമൊരു റിപ്പോർട്ട് ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ചുവടെ..
സ്റ്റാർട്ടപ്പ് ജീനോമിന്റെ ക്ലയിന്റാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. 2021 മുതൽ സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് ജീനോമിന് പണം നൽകിക്കൊണ്ടിരിക്കുകയാണ്. 2021 ൽ 13,500 യു.എസ് ഡോളറും 2022 ൽ 4,500 യു.എസ് ഡോളറും 2023 ൽ 15,000 യു.എസ് ഡോളറും 2024 ൽ 15,000 യു.എസ് ഡോളറും ഉൾപ്പെടെ 48,000 യു.എസ് ഡോളറാണ് സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് ജീനോമിന് നൽകിയത്. അങ്ങോട്ട് പണം നൽകി ഉണ്ടാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.
2019 മുതൽ 21 വരെ ഒരു കാലഘട്ടം ഉണ്ടാക്കുകയും 2021 മുതൽ 2023 ഡിസംബർ വരെ രണ്ടാമത്തെ കാലഘട്ടം ഉണ്ടാക്കുകയും ചെയ്ത കൗശലമാണ് ഇവർ ചെയ്തത്. എന്നിട്ട് ഒന്നാമത്തെ കാലഘട്ടത്തിൽ നിന്നും രണ്ടാമത്തെ കാലഘട്ടത്തിൽ എത്തിയപ്പോൾ 254 ശതമാനം വളർച്ച ഉണ്ടായെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇതിൽ 2019-21 കാലഘട്ടം ഒരു പെട്ടിക്കടകൾ പോലും തുടങ്ങാത്ത കോവിഡ് കാലമാണ്. ആ കാലവുമായാണ് 2021-24 കലഘട്ടത്തെ താരതമ്യം ചെയ്യുന്നത്. ഒരു മാർക്ക് കിട്ടിയ ആൾക്ക് നാല് മാർക്ക് കിട്ടിയെന്നു പറയുന്നത് തന്നെ 300 ശതമാനം വർധനവാണ്. കഴിഞ്ഞ പരീക്ഷയിൽ 8 മാർക്ക് ലഭിച്ച മറ്റൊരു കുട്ടിക്ക് ഈ പരീക്ഷയിൽ 10 മാർക്ക് കിട്ടിയാൽ 25% വർദ്ധനവുണ്ടാകും. അങ്ങനെയെങ്കിൽ ഒന്നാമത്തെ കുട്ടിയാണ് മികച്ചതെന്ന വാദം അംഗീകരിക്കാനാകുമോ? ഇത്തരത്തിൽ ഊതിപ്പെരുപ്പിച്ചുണ്ടാക്കിയ കാപട്യമാണ് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം.
പണം നൽകി ഏജൻസികളെ വച്ച് റിപ്പോർട്ടുണ്ടാക്കി തർക്കിക്കാൻ വരുന്നത് എന്തിനാണ്? പണം കൊടുത്താണ് ഈ തട്ടിക്കൂട്ട് റിപ്പോർട്ട് ഉണ്ടാക്കിയതെന്ന ആരോപണം സർക്കാർ നിഷേധിച്ചാൽ അതിനുള്ള തെളിവുകൾ ഹാജരാക്കാം.
യഥാർത്ഥത്തിൽ സംസ്ഥാനം മുൻപന്തിയിൽ നിൽക്കുന്നത് affordable talent എന്ന ഗണത്തിൽ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ചു നമ്മുടെ മാനവ വിഭവശേഷി മികച്ചതാണ്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യും അതിനാണ് affordable talent എന്നു പറയുന്നത്.