
ദാവണഗരെ: കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണഗരെ സ്വദേശിയായ കാവ്യയാണ് അറസ്റ്റിലായത്. നാല് ലക്ഷം രൂപയ്ക്കാണ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് വില്‍പ്പന നടത്തിയത്. സംഭവം അറിഞ്ഞയുടന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വനിതാ പോലീസും ചേര്‍ന്ന് കുഞ്ഞിനെ കണ്ടെത്തി രക്ഷപ്പെടുത്തി. സംഭവത്തില്‍ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരായ വാദിരാജ്, മഞ്ഞമ്മ എന്നിവര്‍ മുഖേന എംകെ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഡോ ഭാരതിയാണ് കാവ്യയുടെ കുഞ്ഞിനെ ജയ, പ്രശാന്ത് കുമാര്‍ എന്നിവര്‍ക്ക് വിറ്റത്. പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി സര്‍ക്കാര്‍ ശിശുഭവനിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ സ്വന്തം കുഞ്ഞിനെ അമ്മ സ്വമേധയാ വിറ്റതാണെന്ന് കണ്ടെത്തി.
മറ്റ് പ്രതികളും കുറ്റം സമ്മതിക്കുകയും ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സംഘം നടപടിയെടുത്തു. വിനോഭനഗറിലെ ജയയുടെയും പ്രശാന്തിന്റെയും വീട് സന്ദര്‍ശിച്ച സംഘം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി. എംകെ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കുട്ടിയുടെ ജനനം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ആശുപത്രി സന്ദര്‍ശിച്ച സംഘം കുട്ടിയെ അനധികൃതമായി വില്‍പന നടത്തിയതായി കണ്ടെത്തി.
വിവാഹമോചിതയായ കാവ്യ അടുത്തിടെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാത്തതിനാല്‍ അതിനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഏഴു വര്‍ഷമായി വിവാഹിതരായ ജയ-പ്രശാന്ത് ദമ്പതികള്‍ കുഞ്ഞിനെ നാലു ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചു. ആശുപത്രി ജീവനക്കാരായ ഡോ ഭാരതി, മഞ്ജുള എന്നിവരുമായി അടുത്ത ബന്ധമുള്ള ഇടനിലക്കാരനായ വാദിരാജ് വഴിയാണ് ദമ്പതികള്‍ ഇടപാട് നടത്തിയത്.