
സിനിമക്കാർക്കെതിരെ മാത്രം മതിയോ ചോദ്യങ്ങൾ, മാധ്യമപ്രവർത്തകരോടും വേണ്ടേ? ഹേമ കമ്മിറ്റി റിപ്പോർട്ടുമുതൽ രഞ്ജിത്തിനും സിദ്ദിഖിനും എതിരെ ഉയർന്ന ആരോപണങ്ങൾ വരെ ചർച്ചയാക്കി ഘോരഘോരം വാദിച്ച മാധ്യമ പ്രവർത്തകരുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് വനിത മാധ്യമപ്രവർത്തക രംഗത്ത്.
മാധ്യമപ്രവർത്തകർക്കിടയിലെ വേട്ടക്കാരനെതിരെ എന്ത് സമീപനം സ്വീകരിച്ചുവെന്നാണ് കൈരളി ചാനലിലെ മാധ്യമപ്രവർത്തക ഷീജ ഷൈജു ഉന്നയിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിലെ എം. രാധാകൃഷ്ണനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചാണ് ഷീജയുടെ ചോദ്യം. സഹപ്രവർത്തകയുടെ വീട്ടിൽ രാത്രി ചെന്ന് സദാചാര ഗുണ്ടായിസം കാണിച്ച, മറ്റൊരു സ്ത്രീയോട് നടുറോഡിൽ അപമര്യാദയായി പെരുമാറിയ എം. രാധാകൃഷ്ണൻ ഇപ്പോഴും പ്രസ് ക്ലബിന്റെ അധികാര സ്ഥാനത്ത് സെക്രട്ടറിയായും പ്രസിഡന്റായും മാറി മാറി അധികാരത്തിലിരിക്കുന്നത് എങ്ങനെയെന്ന വിമർശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം..
ചോദ്യങ്ങൾ തിരിഞ്ഞു കൊത്താതിരിക്കട്ടെ…..
ഹേമ കമ്മിറ്റി റിപ്പോർട്ട്……
പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം……. രഞ്ജിത്തിന്റെ രാജിക്കായി നമ്മൾ മാധ്യമങ്ങൾ ഖോര ഖോരം വാദിച്ചു. (വേണ്ടത് തന്നെ)
പിന്നാലെ AMMA ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരായ ആരോപണം……. സിദ്ദിഖ് താര സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ശരിയാണോ ? നമ്മൾ മാധ്യമങ്ങൾ ചോദിച്ചു. ( വേണ്ടത് തന്നെ)
ഇതിൽ രണ്ടിലും ഫലം എന്തുണ്ടായി? രഞ്ജിത്തും സിദ്ദിഖും രാജിവയ്ക്കുന്നു….
സ്ത്രീ സുരക്ഷയ്ക്കായി വാദിക്കാൻ മാധ്യമപ്രവർത്തകർ ഉണ്ട്. തെറ്റിനെതിരെ പ്രതികരിക്കാനുള്ള ആർജ്ജവം നമ്മൾ മാധ്യമപ്രവർത്തകർക്ക് ഉണ്ട്.
പക്ഷേ നമ്മൾ മാധ്യമ പ്രവർത്തകർക്കിടയിലെ വേട്ടക്കാരനെതിരെ നമ്മൾ എന്ത് സമീപനം സ്വീകരിച്ചു?
സഹപ്രവർത്തകയുടെ വീട്ടിൽ രാത്രി ചെന്ന് സദാചാര ഗുണ്ടായിസം കാണിച്ച (ആ സഹപ്രവർത്തക ഇന്നും ആ രാത്രിയുടെ ആഘാതത്തിൽ നിന്നും മുക്തമല്ല) , മറ്റൊരു സ്ത്രീയോട് നടു റോഡിൽ അപമര്യാതയായി പെരുമാറിയ എം രാധാകൃഷ്ണൻ.
തിരുവനന്തപുരത്തെ പ്രബുദ്ധ മാധ്യമ സമൂഹം (ഒരു വിഭാഗം മാത്രം) വേട്ടക്കാരനെ പ്രസ് ക്ലബ്ബിൻറെ അധികാര സ്ഥാനത്ത് സെക്രട്ടറിയായും പ്രസിഡന്റായും മാറിമാറി അവരോധിക്കുന്നു.
നല്ല നമസ്‌കാരം മാത്രം????
നമ്മൾക്കിടയിലെ വിഷയം ആകുമ്പോൾ ഇര എങ്ങനെ ദുരനുഭവത്തെ അതിജീവിച്ചു എന്നത് പോലും പ്രസക്തമല്ല. വേട്ടക്കാരനെ സംരക്ഷിക്കുക മാത്രമായിരുന്നു ചിലരുടെ നയം.
ഇതേ നമ്മൾ തന്നെയാണ് മറ്റൊരു മേഖലയിലെ സ്ത്രീ ചൂഷണത്തിനെതിരെ ശബ്ദമുയർത്തുന്നത്.
നിലപാടുകൾ വേണം, പക്ഷേ ഒരേ വിഷയത്തിൽ പല നിലപാടുകൾ ശരിയല്ല.
NB: ഇതിന്റെ പേരിൽ ഉടൻ നോട്ടീസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.