
2035 -ല്‍ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സാധ്യമാക്കും
2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സാധ്യമാക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ശാസ്ത്രീയ നവീകരണത്തിന്റെ ഒരു പുതിയ യുഗം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആര്‍ഒ) ബയോടെക്നോളജി വകുപ്പും (ഡിബിടി) തമ്മിലുള്ള സുപ്രധാന ധാരണാപത്രം (എംഒയു) ഒപ്പുവെക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.
മൈക്രോ ഗ്രാവിറ്റി ഗവേഷണം, ബഹിരാകാശ ബയോടെക്‌നോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ ആസ്‌ട്രോനോട്ടിക്‌സ്, ബഹിരാകാശ ജീവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പങ്കാളിത്തം സുഗമമാക്കുന്നതിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിനെയും ഡിബിടി സെക്രട്ടറി രാജേഷ് ഗോഖലെയെയും സിംഗ് അഭിനന്ദിച്ചു.
കൂടാതെ, ഇന്ത്യയുടെ ആദ്യത്തെ ഡിഎന്‍എ വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ബയോടെക്നോളജി വകുപ്പിന്റെ നേട്ടവും സിംഗ് എടുത്തുപറഞ്ഞു, ഇത് രാജ്യത്തിന്റെ ശാസ്ത്രീയ കഴിവുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടാന്‍ കാരണമായി എന്നും അദ്ദേഹം എടുത്ത് പറഞ്ഞു. 2028-ഓടെ ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.