National

അയോധ്യയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം; ഒരുലക്ഷം പേർ എത്തുമെന്ന് കണക്കുകൂട്ടൽ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുനൽകി. ദിവസത്തിൽ മൂന്ന് തവണയാണ് രാമക്ഷേത്രത്തിൽ ആരതി. പ്രതിപക്ഷ പാർട്ടി നേതാക്കൾ അടക്കം വരും ദിവസങ്ങളിൽ അയോധ്യയിൽ ദർശനത്തിന് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാവുകയാണ് ഇന്ന് മുതൽ അയോധ്യ.

ആയിരക്കണക്കിന് ഭക്തരാണ് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് അയോധ്യയിലേക്ക് എത്തുന്നത്. അയോധ്യയ്ക്ക് പുറത്ത് ലഖ്‌നൗ അടക്കമുള്ള ഇടങ്ങളിൽ ഇതിനോടകം വിശ്വാസികൾ തമ്പടിച്ചു കഴിഞ്ഞു. പാസ് മുഖേനയാണ് ദർശനം. രാവിലെ 7 മുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 7 വരെയുമാണ് ദർശന സമയം. അംഗീകൃത തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായോ പാസിന് അപേക്ഷിക്കാം.

ആരതി രാവിലെ 6.30 നും ഉച്ചയ്ക്ക് 12 മണിക്കും രാത്രി 7.30 നുമാണ്. ആരതി ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ പാസിന് അപേക്ഷിക്കാം. പാസ് സൗജന്യമാണ്. അയോധ്യയിലേക്ക് ക്ഷണം ലഭിച്ച പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതിഷ്ഠ ചടങ്ങിന് പിന്നാലെ ക്ഷേത്ര ദർശനം നടത്തും എന്നാണ് അറിയിച്ചത്. ഇന്ന് മുതൽ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും അയോധ്യയിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *