
‘കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളിയല്ല’ – എം.എം ഹസൻ
വെള്ളാപ്പള്ളി നടേശൻ പറയുന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ. ഒരുമാസം മുമ്പ് അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് ചത്ത കുതിരയാണ്, അവർക്ക് അധികാരം പ്രതീക്ഷിക്കേണ്ടെന്നാണ്. ഇപ്പോള്‍ കഴിഞ്ഞ ദിവസം പറയുന്നു രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന്. ഏതായാലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ വെള്ളാപ്പള്ളിക്കുള്ളതില്‍ നമുക്ക് സന്തോഷമുണ്ടെന്നും എംഎം ഹസൻ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണോ? യുഡിഎഫിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഏതെങ്കിലും സമുദായ സംഘടനകളാണോ? ഏതായാലും വെള്ളാപ്പള്ളി ഞങ്ങളെ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നാണ് എംഎം ഹസൻ പറയുന്നത്. പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞ് പറഞ്ഞ് അഹങ്കാരിയായി ബ്രാൻ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്കൊപ്പം ചേർന്ന് ഉന്തിനൊപ്പം ഒരു തള്ള് എന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ഹസൻ കുറ്റപ്പെടുത്തി.