BusinessNews

ശമ്പളമില്ലാതെ മുകേഷ് അംബാനി: അഞ്ചാം വർഷവും പ്രതിഫലം വാങ്ങാതെ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി 2024-25 സാമ്പത്തിക വർഷത്തിലും കമ്പനിയിൽ നിന്ന് ശമ്പളം വാങ്ങിയില്ല. ഇതോടെ തുടർച്ചയായ അഞ്ചാം വർഷമാണ് അദ്ദേഹം പ്രതിഫലമില്ലാതെ കമ്പനിയെ നയിക്കുന്നത്.

കോവിഡ്-19 മഹാമാരിയെ തുടർന്ന് ബിസിനസുകൾ പ്രതിസന്ധിയിലായ 2020-21 സാമ്പത്തിക വർഷത്തിലാണ് മുകേഷ് അംബാനി ശമ്പളം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം അദ്ദേഹം ഇപ്പോഴും തുടരുകയാണ്. ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളോ ആനുകൂല്യങ്ങളോ അദ്ദേഹം കൈപ്പറ്റുന്നില്ലെന്ന് കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

കോവിഡിന് മുൻപ്, 2008-09 മുതൽ 2019-20 വരെയുള്ള 11 വർഷക്കാലം മുകേഷ് അംബാനി തന്റെ ശമ്പളം പ്രതിവർഷം 15 കോടി രൂപയായി സ്വമേധയാ പരിമിതപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ തലപ്പത്ത് തുടരുമ്പോഴും, ശമ്പളം വാങ്ങാത്ത അദ്ദേഹത്തിന്റെ നടപടി ശ്രദ്ധേയമാണ്.

ഫോർബ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (ഓഗസ്റ്റ് 7, 2025), 103.3 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q