Crime

ലഹരിക്കടിമയായ യാസിർ ഷിബിലയെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെ!

കോഴിക്കോട് താമരശ്ശേരിയില്‍ ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി യാസിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം വളരെ ആസൂത്രിതമായാണ് നടപ്പാക്കിയതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇന്നലെ സന്ധ്യക്ക് കൊലപാതകം നടത്തിയ പ്രതിയെ അർധരാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് ഈ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആശുപത്രി പരിസരത്ത് ഇയാൾ എന്തിന് എത്തിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയശേഷം മടങ്ങിപ്പോയ യാസിർ വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് വീണ്ടുമെത്തിയാണ് കൊല നടത്തിയത്. പുതുതായി വാങ്ങിയ കത്തിയുമായാണ് ഇയാൾ എത്തിയത്. കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ പതിനൊന്ന് മുറിവുകൾ ഷിബിലയുടെ ശരീരത്തിലേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

പ്രണയ വിവാഹമായിരുന്നെങ്കിലും യാസിറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും ഒടുവിൽ ഷിബിലയുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സഹികെട്ടാണ് ഷിബിലെ യാസിറിനൊപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു.

ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസിർ സമ്മതിച്ചിരുന്നില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബില പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ യാസിർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകിട്ട് വീണ്ടും നോമ്പുതുറ നേരത്ത് വീണ്ടും വരാമന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു.

എന്നാൽ ഷിബിലയുടെ ജീവിനെടുക്കാനാണ് പിന്നീട് യാസിർ വീട്ടിലെത്തിയത്. വീട്ടുകാർ നിലവിളിച്ചതോടെ അയൽവാസികൾ എത്തിയെങ്കിലും അപ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദുറഹ്‌മാനും അമ്മ ഹസീനയും വെട്ടേറ്റ നിലയിലുമായിരുന്നു. ഇവിടുന്ന സ്വന്തം കാറിൽ രക്ഷപ്പെട്ട ഇയാളെ അർധരാത്രിയിൽ പിടികൂടി.