
ശക്തമായ മഴ: ആലപ്പുഴയിൽ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു ; ബീച്ചിലെ അഡ്വഞ്ചർ ടൂറിസത്തിനും നിരോധനം
ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ജലാശയങ്ങളിലും തോടുകളിലും കായലുകളിലും സർവ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരവും ആലപ്പുഴ ബീച്ചിലെ അഡ്വഞ്ചർ ടൂറിസവും, പൊതുജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷയെ മുൻനിർത്തി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി, ഡിടിപിസി സെക്രട്ടറി, ഡിഡി ടൂറിസം, ജെ ഡി -എൽ എസ് ജി ഡി എന്നിവർ ഈ ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ ജലയാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
കനത്ത മഴ തുടരുന്നതിനാലും കടൽ പ്രക്ഷുബ്ധമായതിനാലും ജില്ലയിലെ ബീച്ചുകളിലേക്ക് വിനോദസഞ്ചാരികകൾ എത്തുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവി സ്വീകരിക്കേണ്ടതും ഡി ടി പി സി, ഡി ഡി ടൂറിസം എന്നിവർ മതിയായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.