
തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2: ദ റൂൾ’. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ, ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇത്തവണ അല്ലു അർജുനോടൊപ്പം ആടി തിമിർക്കാൻ എത്തുന്നത് തെലുങ്കിലെ ഡാൻസിങ് ക്വീൻ ശ്രീലീലയാണ്.

ഇതിന്റെ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ തന്നെ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. അതേസമയം, റിലീസിന് മുന്നേ ചിത്രം കോടികൾ കൊയ്തതായാണ് വിവരം. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടി കഴിഞ്ഞു. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2വിന്റെ ഒടിടി അവകാശം വിറ്റുപോയത്. എന്നാൽ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തുക. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. മലയാള നടൻ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.