KeralaNews

കോളടിച്ച് കെ.വി. തോമസ്; 24.67 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ കെ.വി. തോമസിന്റെ ഓണറേറിയത്തിനായി നല്‍കുന്നത് 24.67 ലക്ഷം രൂപ. കഴിഞ്ഞ ബജറ്റില്‍ 17 ലക്ഷം രൂപയായിരുന്നു. അതായത്, 7.67 ലക്ഷം രൂപ കൂടുതലാണ് ഈ ബജറ്റില്‍.

കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതി എന്ന നിലപാടാണ് കെ.വി തോമസ് സ്വീകരിച്ചത്.

ശമ്പളം ആണെങ്കില്‍ പെന്‍ഷന്‍ കിട്ടില്ല. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന തന്ത്ര പരമായ നിലപാട് കെ.വി തോമസ് സ്വീകരിച്ചത്. എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിങ്ങനെ 3 പെന്‍ഷന്‍ ലഭിക്കുന്ന രാജ്യത്തെ അപൂര്‍വ്വം പേരില്‍ ഒരാളാണ് കെ.വി തോമസ്.

ഓണറേറിയം 1 ലക്ഷം രൂപയും യാത്രപ്പടി, ടെലിഫോണ്‍ തുടങ്ങിയ മറ്റ് അലവന്‍സുകളും കെ.വി തോമസിന് ലഭിക്കും. അടുത്തിടെ കെ.വി തോമസിന് സര്‍ക്കാര്‍ പ്രൈവറ്റ് സെക്രട്ടറിയേയും അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അതി വിശ്വസ്തനാണ് കെ.വി തോമസ്.

ഏപ്രിലില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് പിണറായിയുടെ വിശ്വസ്തനായ കെ.വി തോമസിന് നല്‍കും എന്നാണ് ലഭിക്കുന്ന സൂചന.

യുപിഎ സർക്കാരിൻ്റെ കാലത്ത് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായിരുന്ന പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്.

ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ പ്രൊഫ കെവി തോമസിനായി കേരള സർക്കാർ നിയമിച്ചിട്ടുണ്ട്. ജൂൺ മാസം വരെയുള്ള ഓണറേറിയം നേരത്തെ അനുവദിച്ചിരുന്നു. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *