News

സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത്: സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു. അനാവശ്യ സമരമെന്നും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത് എന്നും മന്ത്രി പറഞ്ഞു. ബസുകളിൽ ക്യാമറയും, സീറ്റ് ബെൽറ്റും സ്ഥാപിക്കാൻ ആവശ്യത്തിന് സമയം നൽകി. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചിട്ടില്ല. നിയമം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിനെ എതിർക്കുന്നത് നീതികരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 21 മുതൽ സ്വകാര്യ ബസ് ഉടമ സംയുക്ത സമിതി അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം.

ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങ‌ളാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ഒക്ടോബർ 31ന് സൂചനാ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകൾ സർക്കാരിന് നോട്ടീസ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *