
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ച് പുറത്തുപോയ ഗുലാം നബി ആസാദ് തുടങ്ങിയ രാഷ്ട്രീയ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നു. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി)യുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടിരിക്കുകയാണ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. പാർട്ടിയുടെ സംസ്ഥാന, പ്രവിശ്യ, സോണൽ, ജില്ലാ, ബ്ലോക്ക് തലങ്ങളിലുള്ള എല്ലാ കമ്മിറ്റികളും, മുഖ്യ വക്താവ് ഉൾപ്പെടെയുള്ള മുഴുവൻ വക്താക്കളുടെ സ്ഥാനങ്ങളും പിരിച്ചുവിട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആറുമാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനമാണ് ഈ കടുത്ത നടപടിക്ക് പിന്നിൽ. കമ്മിറ്റികൾ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും, ചില നേതാക്കളുടെ രാജിയെത്തുടർന്നുള്ള ഒഴിവുകൾ നികത്താനും യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ മുഖങ്ങൾക്കും നേതൃനിരയിൽ അവസരം നൽകാനുമാണ് ഈ നീക്കമെന്നും ഗുലാം നബി ആസാദ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
2022 സെപ്റ്റംബർ 26-ന് കോൺഗ്രസ് വിട്ട ശേഷമാണ് ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തിരിച്ചടിയായി. ഡിസംബറിൽ താര ചന്ദ്, ഡോ. മനോഹർ ലാൽ ശർമ്മ, ബൽവാൻ സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ മുൻ മന്ത്രി പീർസാദ സയീദ് ഉൾപ്പെടെ 126 പേർ പാർട്ടി വിട്ടത് വലിയ പ്രതിസന്ധിയുണ്ടാക്കി.
തുടർന്ന് നടന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ഡിപിഎപിക്ക് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 23 സീറ്റുകളിൽ പകുതിയോളം സ്ഥാനാർത്ഥികൾക്കും ലഭിച്ചത് ‘നോട്ട’യേക്കാൾ കുറഞ്ഞ വോട്ടുകളാണ്. ആസാദിന്റെ സ്വന്തം ജില്ലയായ ദോഡയിലെ ദോഡ വെസ്റ്റ് മണ്ഡലത്തിൽ പോലും പാർട്ടി ദയനീയമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കാനുള്ള ആസാദിന്റെ തീരുമാനം.