
പെരിയ ഇരട്ട കൊലക്കേസ്: ജയിലിലായാലും കെ.വി കുഞ്ഞിരാമന് MLA പെൻഷൻ കിട്ടും
പെരിയ ഇരട്ട കൊലപാതക കേസിൽ സി.പി.എം മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കം 14 പേർ കുറ്റക്കാരണെന്ന് കോടതി വിധിച്ചു. ഗൂഢാലോചന കുറ്റമാണ് കെ.വി കുഞ്ഞിരാമനിൽ ചുമത്തിയിരിക്കുന്നത്.
കെ.വി. കുഞ്ഞിരാമൻ 2001 ലും 2006 ലും ഉദുമയിൽ നിന്ന് മൽസരിച്ചാണ് എം.എൽ.എ ആയത്. ഇവർക്കുള്ള ശിക്ഷ കോടതി ജനുവരി 3 ന് അറിയിക്കും. ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നാലും കെ.വി. കുഞ്ഞിരാമന് പെൻഷൻ കിട്ടും. മുൻ എംഎൽഎ എന്ന നിലയിലുള്ള പെൻഷൻ കെ.വി. കുഞ്ഞിരാമന് മാസം തോറും ലഭിക്കും.
ഒരു ടേം അതായത് 5 വർഷം പൂർത്തിയായ എം എൽ എക്ക് 20, 000 രൂപ പെൻഷൻ കിട്ടും. പിന്നിടുളള ഓരോ വർഷത്തിനും 1000 രൂപ വീതം പെൻഷനിൽ വർധന ഉണ്ടാകും. 2 ടേം എം എൽ എ ആയതു കൊണ്ട് കെ.വി കുഞ്ഞിരാമന് പെൻഷനായി ലഭിക്കുന്നത് 25,000 രൂപയാണ്.
കൂടാതെ ഓരോ വർഷവും യാത്ര ചെയ്യാൻ ഒരു ലക്ഷം രൂപയുടെ യാത്ര കൂപ്പണും ലഭിക്കും.മുൻ എം.എൽ എ മാർക്ക് ചികിൽസയും ഫ്രീ ആണ്. ചികിൽസക്ക് ചെലവായ പണം സർക്കാർ അനുവദിക്കും.
കുഞ്ഞിരമാനെ കാത്തിരിക്കുന്നത് തടവുശിക്ഷ
ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞുരാമനെതിരെ പെരിയ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റം ചെയ്തതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതികളായ ഡബ്ള്യു.ഷാജഹാനെയെയും പി.കെ. കുഞ്ഞാനന്തനെയും കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനും അവരുടെ അറസ്റ്റ് തടയാനും കുഞ്ഞിരാമൻ ശ്രമിച്ചതായാണ് കോടതി കണ്ടെത്തിയിരിക്കുകയാണ്.
കുഞ്ഞിരാമൻ ചെയ്തത് ശിക്ഷാനിയമം (IPC) 225-ാം വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത്. മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അധികാരം ദുരുപയോഗം ചെയ്യല്‍, എംഎല്‍എ എന്ന ഉത്തരവാദിത്വത്തിന്റെ ഗുരുതരമായ ലംഘനം എന്നിവയാണിത്.
ഐപിസി 225ാം വകുപ്പ് അനുസരിച്ച്, കസ്റ്റഡിയിലായ വ്യക്തികളുടെ രക്ഷപ്പെടലിന് സഹായിക്കുന്നതും, അത് തടയാനുള്ള നിയമപരമായ നടപടികൾ തടസ്സപ്പെടുത്തുന്നതും ഗുരുതര കുറ്റങ്ങളാണ്. സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടികൾ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ ഘടകങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നതാണ് വസ്തുത. .
ഈ കേസിന്റെ വിധി ഭാവി രാഷ്ട്രീയ സാഹചര്യങ്ങൾക്കും അധികാരശ്രേണികളിലെ ഉത്തരവാദിത്വപരമായ സമീപനങ്ങൾക്കും നിർണായകമാകുമെന്ന് കണക്കാക്കുന്നു.
സിപിഎമ്മിൻ്റെ ഗൂഢാലോചനയുടെ തെളിവ്
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ 14 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനും മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് സിപിഎമ്മിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. . കുഞ്ഞിരാമൻ 20-ാം പ്രതിയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ എട്ടു വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.
കേസിൽ 9,11,12,13,16,17,18,19,23,24 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ടവരിൽ ആറുപേർ സിപിഎം നേതാക്കളാണ്.ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി. കേസിൽ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധിപറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കേസിൽ വിധി വന്നത്.
സി.പി.എം. നേതാക്കളുൾപ്പെടെ കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ചവേളയിൽ കീഴ്ക്കോടതിയുടെ വിമർശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയിൽ നടന്നത്.