
ഒറ്റ ട്രെയിനും ഓടില്ല; ട്രെയിൻ സർവീസുകൾ പൂർണമായി സ്തംഭിക്കും സമരം പ്രഖ്യാപിച്ച് യൂണിയൻ സംഘടനകൾ
ഇന്ത്യയിലുടനീളമുള്ള ട്രെയിൻ സർവീസുകൾ നിറുത്തുമെന്ന് ഭീഷണിയുമായി റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയനുകൾ രംഗത്ത്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിന്റ് ഫോറത്തിന് (ജോയിന്റ് ഫോറം ഫോർ റിസ്റ്റോറേഷൻ ഓഫ് ഓൾഡ് പെൻഷൻ സ്‌കീം-JFROPS) കീഴിൽ ചേർന്ന റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കിൽ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നുമുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിറുത്തിവയ്ക്കുമെന്നും വിവിധ റെയിൽവേ യൂണിയനുകൾ അറിയിച്ചു. ജെ.എഫ്.ആർ.ഒ.പി.എസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും നേരിട്ട് നടപടിയെടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും കൺവീനറും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ശിവ ഗോപാൽ മിശ്ര പറഞ്ഞു.
സമരത്തിൽ ജോയിന്റ് ഫോറത്തിന്റെ ഭാഗമായ മറ്റ് സർക്കാർ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയിൽവേ തൊഴിലാളികൾക്കൊപ്പം പണിമുടക്കിൽ പങ്കുചേരുമെന്നും ശിവ ഗോപാൽ മിശ്ര അറിയിച്ചു. അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് മാർച്ച് 19ന് നൽകും. മേയ് ഒന്നുമുതൽ പണിമുടക്ക് ആരംഭിക്കും.