CrimeNews

ഷൈബിൻ അഷ്‌റഫിന് 11 വർഷം തടവ്; ഒറ്റമൂലി രഹസ്യത്തിനുവേണ്ടി ഷാബാ ഷെരീഫിനെ കൊന്ന കേസിൽ ശിക്ഷ

മലപ്പുറം: മൈസൂരിലെ നാട്ടുവൈദ്യനെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും തടവും 2,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാംപ്രതി ഷിഹാബുദ്ദീന് ആറു വർഷവും 9 മാസവും തടവും ആറാം പ്രതി നിഷാദിന് മൂന്നു വർഷവും 9 മാസവും തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരും 15,000 രൂപ പിഴയും ഒടുക്കണം. മഞ്ചേരി അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷെരീഫിനെ മൈസൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. 14 മാസം ഷൈബിൻ അഷ്‌റഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിൽ ചങ്ങല കൊണ്ട് ബന്ധിച്ച് ഷാബ ഷരീഫിനെ പൂട്ടിയിട്ടു. ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കില്ലെന്ന് ഉറപ്പായതോടെ 2020 ഒക്ടോബർ 20ന് ശുചിമുറിയിൽ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളിയായ നൗഷാദും മാനേജർ ആയിരുന്ന ശിഹാബും ചേർന്ന് വെട്ടി നുറുക്കി 400ൽ അധികം കഷ്ണങ്ങളാക്കി. ഷൈബി അഷ്‌റഫ് തന്നെ കാറിൽ കയറ്റി കൊണ്ടുപോയി ചാലിയാറിൽ എടവണ്ണ പാലത്തിന് താഴേക്ക് ഒഴുക്കുകയായിരുന്നു. ഷൈബിൻ അഷ്‌റഫ് കൃത്യമായ ആസൂത്രണത്തോടെയാണ് ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയെതന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

shaba shareef murder case verdict

മൃതദേഹവും മൃതദേഹ ഭാഗങ്ങളും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ പുഴയിൽ ഒഴുകിയതോടെ കേസ് ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഷൈബിനും കൂട്ടാളികളും ഉറച്ചു വിശ്വസിച്ചത്. എന്നാൽ 2022 ഏപ്രിൽ 23 ന് പ്രതി ഫൈബറിന്റെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറിയെന്ന് നിലമ്പൂർ പൊലീസിൽ പരാതി ഉയരുന്നതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.

പിടിയിലാവുമെന്ന് ഉറപ്പായതോടെയാണ് കൂട്ടു പ്രതികൾക്കെതിരെ നിലമ്പൂർ പൊലീസിൽ ഷൈബിൻ അഷ്‌റഫ് പരാതി നൽകുന്നത്. തന്റെ മുക്കട്ടയിലെ വീട്ടിൽ അതിക്രമിച്ചു കയറി 7 ലക്ഷം രൂപയും ലാപ്‌ടോപ്പും മൊബൈൽ ഫോണും കവർന്നു എന്നായിരുന്നു പരാതി. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ തള്ളിയതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്താൻ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പിൻബലവും കേസിന് ലഭിച്ചിരുന്നില്ല. എന്നാൽ ഷൈബിൻ അഷ്‌റഫ് ഉപയോഗിച്ച കാറിൽ നിന്നും ലഭിച്ച മുടി ഷാബ ഷെരീഫിൻറേതാണന്ന ഡിഎൻഎ പരിശോധന ഫലമാണ് കേസിന് ബലം നൽകിയത്. പൊലീസ് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ഷൈബിനെ സഹായിച്ച റിട്ടയേർഡ് എസ് ഐ സുന്ദരൻ കേസിൽ എട്ടാം പ്രതിയാണ്. വൈദ്യനെ തടങ്കലിൽ പാർപ്പിച്ചപ്പോൾ വീട്ടിൽ ഉണ്ടായിട്ടും വിവരങ്ങൾ മറച്ചുവെച്ച ഭാര്യ ഫസ്ന കേസിൽ പതിനൊന്നാം പ്രതിയാണ്.