CinemaNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടന്നില്ല. നടി രഞ്ജിനി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പുറത്തുവിടാനുള്ള തീരുമാനം സാംസ്‌കാരിക വകുപ്പ് മാറ്റിവെച്ചത്.

റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ അപ്പീലില്‍ ഉത്തരവ് വരാത്ത സാഹചര്യമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തതിന് കാരണമായി പറയുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ഇന്ന് വെളിച്ചംകാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വര്‍ഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവില്‍ വന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആവശ്യം.

രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബര്‍ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. അനുകൂല തീരുമാനമായിരുന്നില്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിഷയം കോടതി കയറി. റിപ്പോര്‍ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. വിലക്കപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാല്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും രഹസ്യമായി വെക്കരുതെന്ന് മുന്‍വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *