Cinema

മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ പ്രധാനി നടൻ ദിലീപോ ? ചർച്ചയായി ഡ്രൈവർ അപ്പുണ്ണിയുടെ പോസ്റ്റ്

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ഏറെ ചർച്ച വിഷയമായ ഒന്നായിരുന്നു മലയാള സിനിമ രംഗത്തെ പവർ ഗ്രൂപ്പ്. മലയാള സിനിമ രംഗത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പതിനഞ്ച് അംഗ പവർ ഗ്രൂപ്പാണെന്ന് റിപ്പോർട്ടില്‍ പറഞ്ഞിട്ടും മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവർ അതിനെ തള്ളിയിരുന്നു. ഇതിനിടയിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്നറിയപ്പെടുന്ന സുനിൽ രാജ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രവും അതിനു നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ് പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

“ടീം പവർഗ്രൂപ്പ്” എന്ന അടിക്കുറിപ്പോടെ ദിലീപിനും മറ്റ് സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് അപ്പുണ്ണി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മലയാള സിനിമ രംഗത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പതിനഞ്ച് അംഗ പവർ ഗ്രൂപ്പാണെന്ന ഹേമകമ്മിറ്റി റിപ്പോർട്ടിലെ പരാമർശത്തിന് പിന്നാലെ ആരാണ് സിനിമയിലെ പവർഗ്രൂപ്പ് എന്ന ചർച്ച നടക്കുകയാണ്. ഇതിനിടെയാണ് സ്വയം പവർഗ്രൂപ്പെന്ന പ്രഖ്യാപനവുമായി ദിലീപിന്റെ ഡ്രൈവർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ പവർഗ്രൂപ്പ് ദിലീപ് ആണെന്ന തരത്തിൽ പല മാദ്ധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു. കാരണം നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപിന്റെ ശക്തമായ ഇടപെടൽ സിനിമാ രംഗത്ത് ഉണ്ടായിരുന്നുവെന്നാണ് ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നത്. നടിയെ പിന്തുണച്ചതിന്റെ പേരിൽ ദിലീപ് ഇടപെട്ട് മുൻതിര താരങ്ങളുടെ അടക്കം അവസരം നഷ്ടപ്പെടുത്തിയെന്നും ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ, ഡബ്ല്യുസിസിയെ ഒതുക്കാനുള്ള ശ്രമവും ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *