
സംസ്ഥാനത്ത് സ്വര്‍ണവില 65,000 രൂപയും കടന്ന് പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വർധിച്ചത്. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
പണിക്കൂലി ഉൾപ്പെടെ വില
സ്വർണത്തിന് 3 ശതമാനമാണ് ജി.എസ്.ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18 ശതമാനവും, അതായത് 53.10 രൂപ. പുറമേ പണിക്കൂലിയും നൽകണം. ഇതു ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30 ശതമാനം വരെയാകാം. പണിക്കൂലി 5% കണക്കാക്കിയാൽ തന്നെ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 71,261 രൂപ നൽകണം.
സ്വർണവില റെക്കോർഡുകൾ തകർത്ത് കുതിപ്പുതുടങ്ങിയതോടെ നിരാശയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. വിലവർധന വ്യാപാരത്തെ ബാധിക്കുന്നുണ്ട്.