BusinessNews

യൂണിയൻ ബാങ്ക് ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ഇല്ലെങ്കിലെ പിഴ ഒഴിവാക്കും!

മുംബൈ: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് വലിയ ആശ്വാസം. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിലുള്ള പിഴ (Penalty Charges) പൂർണ്ണമായും ഒഴിവാക്കാൻ ബാങ്ക് തീരുമാനിച്ചു. 2025 സെപ്റ്റംബറിൽ അവസാനിക്കുന്ന പാദം മുതൽ, ഈ തീരുമാനം പ്രാബല്യത്തിൽ വരും.

സാമ്പത്തിക ഉൾച്ചേർക്കൽ എന്ന ലക്ഷ്യത്തോടെയും ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതമായ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായുമാണ് ഈ സുപ്രധാന തീരുമാനമെന്ന് യൂണിയൻ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

ആർക്കൊക്കെയാണ് പ്രയോജനം?

പൊതുവായ സേവിംഗ്സ് അക്കൗണ്ടുകൾക്കാണ് (General Savings Accounts) ഈ ഇളവ് ബാധകം. എന്നാൽ, പ്രത്യേക ആവശ്യങ്ങൾക്കായി തുറക്കുന്ന കസ്റ്റമൈസ്ഡ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഈ ഇളവ് ലഭിക്കില്ല. പ്രധാനമന്ത്രി ജൻധൻ യോജന (PMJDY) അക്കൗണ്ടുകൾ, പെൻഷൻകാർ, മുതിർന്ന പൗരന്മാർ എന്നിവരുടെ അക്കൗണ്ടുകൾക്ക് നിലവിൽ തന്നെ മിനിമം ബാലൻസ് നിബന്ധന ബാധകമല്ല.

സർക്കാർ നീക്കത്തിന്റെ ഭാഗം

കൂടുതൽ സാധാരണക്കാരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് ആകർഷിക്കാനും നിക്ഷേപം വർധിപ്പിക്കാനും പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര സർക്കാർ അടുത്തിടെ നിർദ്ദേശിച്ചിരുന്നു. സർക്കാർ പദ്ധതികളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയ്ക്ക് പുറമെ യൂണിയൻ ബാങ്കും ഇപ്പോൾ മിനിമം ബാലൻസ് പിഴ ഒഴിവാക്കിയിരിക്കുന്നത്. ഈ നീക്കം കൂടുതൽ സാധാരണക്കാരെ ബാങ്കിംഗ് സേവനങ്ങളിലേക്ക് അടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.