National

കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുകാരി കുഴല്‍ക്കിണറില്‍ വീണു

ജയ്പൂര്‍:രാജസ്ഥാനില്‍ രണ്ടര വയസുള്ള പിഞ്ചുകുഞ്ഞ് കുഴല്‍ക്കിണറില്‍ വീണു. ദൗസയിലെ ബാന്‍ഡ്കുയി ടൗണിലാണ് ബുധനാഴ്ച ദാരുണ സംഭവം നടന്നത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നീരു എന്ന പെണ്‍കുട്ടിയാണ് കൃഷിയിടത്തിന്റെ ഒരു വശത്തായി നിര്‍മ്മിച്ച കുഴല്‍ക്കിണറില്‍ വീണത്. കുഴിയില്‍ ഏകദേശം 35 അടി താഴ്ചയിലായി കുട്ടി കുടുങ്ങി കിടക്കുകയാണ്. വിവരം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം തുടങ്ങി.

പ്രദേശത്ത് പെയ്യുന്ന മഴ മൂലം രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാണെന്നും കുട്ടിയെ രക്ഷിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും രക്ഷാ പ്രവര്‍ത്തകനായ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുഴിയില്‍ ഓക്‌സിജനില്ലാത്തതിനാല്‍ തന്നെ പൈപ്പ് വഴിയാണ് പെണ്‍കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെയും വിളിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് ജെസിബികളുടെയും ഒരു ട്രാക്ടറിന്റെയും സഹായത്തോടെ കുഴല്‍ക്കിണറില്‍ നിന്ന് 15 അടിയോളം കുഴിയെടുക്കല്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയും കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപെട്ട വിവരം രക്ഷിതാക്കള്‍ അറിഞ്ഞതെന്നും പോലീസ്‌ ഇന്‍സ്പെക്ടര്‍ പ്രേംചന്ദ് പറഞ്ഞു.

കുഴിയില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ ചലനം ടോര്‍ച്ച് ഉപയോഗിച്ച് കാണാനുള്ള ശ്രമങ്ങള്‍ നടക്കുകയാ ണെന്നും മഴയും ഇരുട്ട രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കുഴിയില്‍ മഴവെള്ളം കയറാതിരിക്കാന്‍ ടെന്റ് കെട്ടിയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. അഡീഷണല്‍ ജില്ലാ കളക്ടര്‍ സുമിത്ര പരീഖ്, ബസവ എസ്ഡിഎം രേഖ മീണ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *