News

അൻവർ ബന്ധം: പ്രതിഭക്ക് സീറ്റുണ്ടാവില്ല, തലസ്ഥാനത്തെ മുൻ മന്ത്രിയും നിരീക്ഷണത്തിൽ

തിരുവനന്തപുരം: അൻവറുമായി അടുത്ത ബന്ധം പുലർത്തുന്ന സി പി എം അണികൾ മുതൽ നേതാക്കൾ വരെ സർക്കാർ നിരീക്ഷണത്തിൽ. മുഹമ്മദ് റിയാസുമായി അഭിപ്രായവ്യത്യാസമുള്ള തലസ്ഥാനത്തെ മുൻ മന്ത്രിയെ അടക്കം സർക്കാരും സി പി എമ്മും നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. അൻവറിന് തുടക്കം മുതൽ പിന്തുണ നൽകുന്ന കായംകുളം എം എൽ എ പ്രതിഭ ഹരിക്കും അടുത്ത തവണ സീറ്റ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

അൻവർ ഉയർത്തുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളതാണെന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. ആജീവനാന്ത പിന്തുണയാണ് പ്രതിഭ എംഎൽഎ അൻ‌വറിന് നൽകിയത്. ഈ വിഷയത്തിൽ ആദ്യം മുതൽ തന്നെ പ്രതിഭ അദ്ദേഹത്തെ പിന്തുണക്കുന്നുമുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ലെന്നും പ്രതിഭ വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ കാര്യത്തിന് നൽകുന്ന പിന്തുണ ആജീവനാന്തമാണെന്നും പ്രതിഭ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം പിണറായിക്ക് അൻവറിനോടുള്ള അനിഷ്ടം പിണറായിക്ക് തുടങ്ങിയിട്ട് മാസങ്ങളായെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പുള്ള അൻവറിൻ്റെ നിയമസഭ ചോദ്യത്തിനും പിണറായി മറുപടി നൽകിയില്ലെന്നത് ഈ വാർത്തകൾ ശരി വയ്ക്കുന്നതുമാണ്. ഇക്കാര്യം നിയമസഭ വെബ്സൈറ്റിൽ നിന്ന് വ്യക്തവുമാണ്. അൻവർ മുഹമ്മദ് റിയാസിനെ വകവയ്ക്കാത്തതാണ് മുഖ്യൻ്റെ അനിഷ്ടത്തിന് കാരണമെന്നാണ് സൂചന. തലസ്ഥാനത്തുള്ള ഒരു മുൻ മന്ത്രി വിമത നീക്കങ്ങൾ നടത്തുന്നുണ്ടോ എന്നും പാർട്ടിയും സർക്കാരും നിരീക്ഷിക്കുന്നുണ്ട്.

നിലമ്പൂർ പൊലിസ് സ്റ്റേഷൻ ഭൂമി റോഡ് നവീകരണത്തിന് വിട്ടുകിട്ടുന്നതിന് നടപടിയെടുക്കുമോ എന്ന അൻവറിൻ്റെ ചോദ്യത്തിനാണ് പിണറായി മറുപടി നൽകാതെ മുക്കിയത്. വനം, റവന്യു വകുപ്പുകളും സ്വകാര്യ വ്യക്തികളും റോഡ് നവീകരണത്തിന് ഭൂമി വിട്ട് നൽകിയ സ്ഥിതിക്ക് നവീകരണം തടസ്സപ്പെടാതിരിക്കാൻ നിലമ്പൂർ പൊലിസ് സ്റ്റേഷൻ്റെ ചെറിയൊരു ഭാഗം ഭൂമി വിട്ട് നൽകുന്നതിന് നിർദ്ദേശം നൽകാമോ എന്ന ചോദ്യം അൻവർ ഉന്നയിച്ചത് ജൂൺ 10 നായിരുന്നു. എന്നാൽ അൻവർ ഉയർത്തിയ വികസന പ്രസക്തമായ ചോദ്യത്തിന് പോലും 3 മാസമായി മറുപടി നൽകാതെ പിണറായി മുക്കിയിരിക്കുകയാണ്.

നിയമസഭാ ചോദ്യങ്ങൾ സഭയിൽ വരുന്ന ദിവസത്തിൻ്റെ തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് ചട്ടം. ഇതിനാൽ മറുപടി കൃത്യമായി പിണറായിയുടെ ഓഫിസിന് ലഭിച്ചിട്ടും മുക്കിയതാണെന്ന് വ്യക്തം. റിയാസിനെ അൻവർ വകവയ്ക്കാത്തതും ഇടതുപക്ഷ പ്രവത്തകർക്കിടയിൽ അൻവറിൻ്റെ ജനകീയ പിന്തുണ വർധിക്കുന്നതും പിണറായിയെ അസ്വസ്ഥനാക്കുന്നു എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *