Kerala

രാഹുലിന് ഇന്ന് നിർണ്ണായകം; സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്ചയായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലാണ് രാഹുലിനെ പൊലീസ് പ്രതിയാക്കിയത്. ഇതിൽ ഇന്നലെ അറസ്റ്റ് ചെയ്ത കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലും രാഹുൽ പ്രതിയാണ്. ഈ കേസിലെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചാൽ രാഹുലിന് ജയിൽ മോചിതനാകാം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലും പൊലീസ് നടപടികളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിക്കും. രാഹുലിന് ജാമ്യം ലഭിച്ചില്ലെങ്കിൽ നാളെ സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.

രാഹുലിന്റെ അറസ്റ്റ് സംഘടനക്ക് ഊർജ്ജം പകർന്നു എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചക്കാലം സംസ്ഥാന വ്യാപകമായി പ്രാദേശിക തലങ്ങളിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസിന് പ്രതിഷേധം സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *