GulfNewsTravel

ഗൾഫിൽ ഒറ്റ വീസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങളും ഒറ്റ വീസയിൽ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ യാഥാർത്ഥ്യമാകും.

മൂന്ന് മാസം വരെ കാലാവധിയുള്ള ഈ പുതിയ വീസ ഗൾഫ് മേഖലയിലെ വിനോദസഞ്ചാര, വാണിജ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്നാണ് പ്രതീക്ഷ.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദയ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാനുള്ള അവസാന ഘട്ട ചർച്ചകളിലാണ്. ഈ മാസം രണ്ടിന് റിയാദിൽ ചേർന്ന ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിലെ പ്രധാന അജണ്ടയും ഏകീകൃത ടൂറിസ്റ്റ് വീസയായിരുന്നു.

നേട്ടങ്ങൾ പലത്

  • വിനോദസഞ്ചാരത്തിൽ കുതിപ്പ്: ഒറ്റ വീസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ഗൾഫ് മേഖലയിലേക്ക് ആകർഷിക്കും.
  • സാമ്പത്തിക ഉണർവ്: വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടൽ, സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ ഉണർവുണ്ടാക്കും.
  • പുതിയ നിക്ഷേപങ്ങൾ: പുതിയ നിക്ഷേപ പദ്ധതികൾക്ക് ഈ നീക്കം കരുത്ത് പകരും.
  • വിഷൻ പദ്ധതികൾക്ക് ഊർജ്ജം: സൗദി വിഷൻ 2030, യുഎഇ വിഷൻ 2071 തുടങ്ങിയ ദീർഘകാല വികസന പദ്ധതികൾക്ക് ഏകീകൃത വീസ വലിയ ഊർജ്ജമേകും.

ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചാണെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാനും, ഓരോ രാജ്യത്തിന്റെയും സാംസ്കാരിക, പൈതൃക ആഘോഷങ്ങൾ കൂടുതൽ ജനകീയമാക്കാനും പുതിയ വീസ സംവിധാനം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.