KeralaPolitics

ക്ഷേമ പെന്‍ഷൻ കൂടില്ല ; കടം കൊടുത്ത് തീർക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെന്‍ഷൻ കൂടില്ല. കൊടുക്കാനുള്ളത് കൊടുത്തുതീര്‍ക്കാനാണ് തീരമാനമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷന്‍ വിതരണം മാസങ്ങളോളം മുടങ്ങാന്‍ കാരണമായത് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടാണെന്നും മന്ത്രി വിമര്‍ശിച്ചു. സമയബന്ധിതമായി പെന്‍ഷന്‍ കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് ജീവനക്കാര്‍ക്കായി ബജറ്റില്‍ പുതിയ പെന്‍ഷന്‍ സ്കീം പ്രഖ്യാപിച്ചു. ഇതിന് പുറമെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.


സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ആരോഗ്യ പദ്ധതി നടപ്പിലാക്കും. ഇതിനായി 3.1 കോടി രൂപ വകയിരുത്തി. കാരുണ്യ പദ്ധതിക്ക് 678.54 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് അഞ്ച് പുതിയ നഴ്സിങ് സ്കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതിവികസനത്തിന് 2976 കോടി രൂപ അനുവദിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും പട്ടികവര്‍ഗ വികസനത്തിന് 859 കോടി, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടിയും ബജറ്റില്‍ വകയിരുത്തി.

അതേസമയം, കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 128 കോടി രൂപ അനുവദിച്ചു. പുതിയ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപയും വകയിരുത്തി. കൊച്ചി മെട്രോ രണ്ടാംഘട്ടം അതിവേഗം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഇതിനായി 239 കോടി രൂപയും അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *