News

മുകേഷ് രാജി വയ്ക്കേണ്ട കാര്യമില്ല; ആനിയെയും ബൃന്ദയെയും തളളി വനിതാ കമ്മീഷൻ

ലൈംഗിക പീഡന പരാതിയിൽ സിപിഎം എംഎൽഎ മുകേഷ് പദവി രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സിപിഐയിലെ മുതിർന്ന നേതാവായ ആനി രാജ മുകേഷ് രാജി വയ്ക്കണമെന്ന് പരസ്യ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മുകേഷിനെ പിന്തുണച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ രംഗത്ത് എത്തുന്നത്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും മുകേഷിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. രണ്ട് ഇടത് ദേശീയ നേതാക്കളെയും തള്ളുന്ന നിലപാടാണ് സംസ്ഥാന വനിതാ കമ്മീഷൻ സ്വീകരിച്ചത്.

കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് മാത്രം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്നാണ് സതീദേവിയുടെ നിലപാട്. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ ഇടപെടല്‍ നടക്കുന്നുവെന്നും സതീദേവി സൂചിപ്പിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നിക്ഷേധിച്ചത്തോടെ സിദ്ദിഖ് ഒളിവിലാണ്. സുപ്രിം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം.

ദേശീയ വനിതാ കമ്മീഷൻ ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്ന് പ്രതികരിച്ചിരുന്നു. സംസ്ഥാന സര്ക്കാര് റിപ്പോർട്ട് ദേശീയ വനിതാ കമ്മീഷന് നൽകാത്തതിനാൽ കമ്മീഷൻ നേരിട്ടെത്തി വിവരം ശേഖരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ വരുന്ന കാര്യം അറിയിച്ചിരുന്നുവെന്നും ടെലിഫോണില്‍ ബന്ധപ്പെട്ടാണ് അറിയിച്ചതെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥിരീകരിച്ചു.

അതേസമയം എന്താണ് ദേശീയ വനിതാ കമ്മീഷൻ്റെ സന്ദര്‍ശന ലക്ഷ്യമെന്ന് വ്യക്തമല്ലെന്നും സതീദേവി പറയുകയുണ്ടായി. ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാലാണ് പൊലീസ് വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *