CrimeNews

ജനശതാബ്ദിയില്‍ ടിടിഇയെ ഭിക്ഷാടകന്‍ ആക്രമിച്ചു; കടന്നുകളഞ്ഞയാളെ പിടിക്കാനായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ജനശതാബ്ദി എക്‌സ്പ്രസില്‍ ഭിക്ഷാടകന്‍ ടിടിഇയെ ആക്രമിച്ചു. ജെയ്‌സണ്‍ തോമസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇടത് കണ്ണിനും മുഖത്തും പരിക്കുണ്ട്.

ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. പ്ലാറ്റ്ഫോമിൽ കച്ചവടക്കാരനെ തള്ളിമാറ്റിയാണ് ഇയാൾ അകത്ത് കടന്നതെന്ന് ടിടിഇ ജെയ്സൺ തോമസ് പറഞ്ഞു. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു. ഗാർഡ് റൂമിൽ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *