
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി തുടർന്ന സ്വർണവിലയിലെ വൻ കുതിപ്പിന് വിരാമമിട്ട് ഇന്ന് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 71,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 8,940 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പവന് 2,120 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ബുധനാഴ്ച മാത്രം 1,760 രൂപയുടെ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ (വ്യാഴാഴ്ച) 360 രൂപയും ഉയർന്നു. ഈ കുതിപ്പിന് ശേഷമാണ് ഇന്ന് വിലയിൽ ആശ്വാസകരമായ ഇടിവുണ്ടായിരിക്കുന്നത്.
ഈ മാസം 15-ന് 68,880 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്ന ശേഷമാണ് സ്വർണവില വീണ്ടും ശക്തമായി ഉയരാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ 1,560 രൂപയുടെ ഇടിവ് നേരിട്ടതോടെയാണ് സ്വർണവില ഏറെ നാളുകൾക്ക് ശേഷം 70,000 രൂപയ്ക്ക് താഴെയെത്തിയത്. മെയ് 15-ന് രേഖപ്പെടുത്തിയ 68,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ഏപ്രിൽ 22-ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് കേരളത്തിലെ സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഈ റെക്കോർഡ് വിലയിൽ നിന്ന് 2,800 രൂപയുടെ കുറവാണ് നിലവിൽ ഒരു പവൻ സ്വർണത്തിനുള്ളത്.